കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറെ നിയമിക്കുന്നത് സംബന്ധിച്ച് ഒരൊറ്റ അപേക്ഷകന്റെ പേരുമാത്രം ചാന്‍സിലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സമര്‍പ്പിച്ച കേരള സര്‍ക്കാരിന്റെ നടപടിയെ തുടര്‍ന്ന് ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ഉടലെടുത്ത കടുത്ത അഭിപ്രായ വ്യത്യാസം വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
രാഷ്ട്രീയമായി മാത്രം യൂണിവേഴ്സിറ്റികളിലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുകയാണെങ്കല്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്സിറ്റികളുടെ ചാന്‍സലര്‍ സ്ഥാനം ഓര്‍ഡിനന്‍സ് ഇറക്കി മുഖ്യമന്ത്രി പിണറായി വിജയന് ഏറ്റെടുക്കാം എന്നും ഓര്‍ഡിനന്‍സ് ഉത്തരവ് തന്റെ പക്കല്‍ എത്തിയാല്‍ ആ നിമിഷം അതില്‍ ഒപ്പിടുമെന്നും ആരിഫ് മുഹമ്മദ് ഖാന് ഇന്ന് ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
രാഷ്ട്രീയമായ നിയമനങ്ങള്‍ സര്‍ക്കാരിന് എടുക്കാനുള്ള വെറും ചട്ടുകമായി തനിക്ക് പ്രവര്‍ത്തിക്കാന്‍ സാധ്യമല്ലെന്നും ഗവര്‍ണര്‍ക്ക് ചാന്‍സലര്‍ സ്ഥാനം നല്‍കിയത് നിയമസഭ ആണെന്നും ചാന്‍സിലര്‍ സ്ഥാനം മുഖ്യമന്ത്രിക്ക് നല്ക്കാന് സഭയ്ക്ക് എല്ലാ അധികാരമുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.
കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍ നിയമന ഉത്തരവില്‍ പൂര്‍ണ്ണ ബോധ്യത്തോടെ അല്ല താന്‍ ഒപ്പിട്ടത്.പുനര്‍ നിയമനത്തില്‍ തെറ്റില്ല പക്ഷേ ചട്ടങ്ങള്‍ പാലിച്ചുകൊണ്ടല്ല പുനര്‍നിയമനം നടത്തിയിട്ടുള്ളത്, അതിലാണ് തന്റെ വിയോജിപ്പ്.
ഒപ്പിട്ടില്ലായിരുന്നെങ്കില്‍ സര്‍ക്കാര്‍വൃത്തങ്ങള്‍ വീണ്ടും തന്റെ മേല്‍ അധിക്ഷേപങ്ങള്‍ ചൊരിയുമായിരുന്നു, അതുകൊണ്ട് കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറുടെ പുനര്‍ നിയമനത്തില്‍ താന്‍ ഒപ്പിട്ടത്, ഗവര്‍ണര്‍ പറഞ്ഞു.
രാഷ്ട്രീയമായ ഇടപെടലുകള്‍ ഉണ്ടാകില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമേ ഇനി സര്‍വ്വ കലാശാല വിഷയങ്ങളില്‍ തനിക്ക് പ്രവര്‍ത്തിക്കാനാകൂ എന്നും ഗവര്‍ണര്‍ വ്യക്തമാക്കി.ഇത്തരം കാര്യങ്ങള്‍ വിശദമാക്കിയ കത്ത് മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുണ്ടെന്നും അതിനുള്ള മറുപടിക്കായി കാത്തിരിക്കുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
Photo Credit: Face Book