തിരുവനന്തപുരം: ആശമാരുടെ സമരവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നടത്തിയ ഡല്‍ഹി യാത്രയെച്ചൊല്ലി വിവാദം മുറുകുന്നു. ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദയെ കാണുമെന്ന് താന്‍ ആരോടും പറഞ്ഞിട്ടെന്ന് മന്ത്രി ഫേയ്സ്ക്ക്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. മാധ്യമങ്ങളെയും അവര്‍ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. മാധ്യമങ്ങളുടെ ഊഹങ്ങള്‍ക്കനുസരിച്ച് പ്രതികരിക്കാന്‍ തനിക്ക് പറ്റില്ലെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മാത്രമാണ് കേന്ദ്രമന്ത്രിയെ കാണണമെന്ന് അറിയിപ്പ് കിട്ടിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ നേരിട്ട് കേന്ദ്ര ആരോഗ്യമന്ത്രിയെ കാണുമെന്നാണ് നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതെന്നും ബുധനാഴ്ച അപ്പോയിന്റ്‌മെന്റ് ലഭിച്ചില്ലെങ്കില്‍ അദ്ദേഹത്തിന് സൗകര്യം എപ്പോഴാണെന്ന് അറിയിച്ചാല്‍ അപ്പോള്‍ വന്ന് കാണും എന്നാണ് പറഞ്ഞതെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി.
ഇതാദ്യമായല്ല ആശമാരുടെ വിഷയത്തില്‍ താന്‍ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയെ കാണുന്നതെന്നും ആറ് മാസം മുമ്പും താന്‍ കേന്ദ്ര മന്ത്രിയുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയും, ക്യൂബയുമായുള്ള ചര്‍ച്ചയുമായിരുന്നു ഡല്‍ഹി യാത്രയുടെ രണ്ട് ലക്ഷ്യങ്ങള്‍. അത് താന്‍ തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും മന്ത്രി അവകാശപ്പെട്ടു.