ഓണാഘോഷത്തോട് അനുബന്ധിച്ച ചില്ലറ വില്‍പ്പന നടത്താനായി എത്തിച്ച … READ MORE
തൃശൂര്‍: ചേറ്റുവയില്‍ പാല്‍വണ്ടിയില്‍ കടത്തിയ വന്‍ വിദേശമദ്യ ശേഖരം പിടിച്ചെടുത്തു. 50 ലക്ഷം രൂപ വിലമതിക്കുന്ന 3,600 ലിറ്റര്‍ വിദേശ മദ്യമാണ് പിടികൂടിയത്. കഴക്കൂട്ടം സ്വദേശി കൃഷ്ണ പ്രകാശ് (24), കല്ലുവാതുക്കല്‍ സജി (59) എന്നിവരാണ് പിടിയിലായത്. വിവിധ ബ്രാന്‍ഡുകളിലുള്ള അനധികൃത വിദേശമദ്യമാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തിരിക്കുന്നത്.
ഓണാഘോഷത്തോട് അനുബന്ധിച്ച ചില്ലറ വില്‍പ്പന നടത്താനായി എത്തിച്ച മദ്യമാണിത്. മാഹിയില്‍ നിന്നും പാല്‍ വണ്ടിയിലാണ് മദ്യം തൃശൂരില്‍ എത്തിച്ചത്. മദ്യക്കടത്തിന് ഉപയോഗിച്ച വാഹനവും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
എറണാകുളം, ആലപ്പുഴ ജില്ലകളിലേക്ക് കടത്താന്‍ വേണ്ടിയാണ് പ്രതികള്‍ മാഹിയില്‍ നിന്ന് മദ്യം കൊണ്ടുവന്നത്. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോങ്‌റെയ്ക്ക് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്.
കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി സലീഷ്.പി.ശങ്കര്‍, വാടാനപ്പള്ളി എസ്.എച്ച്.ഒ സനീഷ്, എസ്.ഐ വിവേക് നാരായണന്‍, കൊടുങ്ങല്ലൂര്‍ ക്രൈം സ്‌ക്വാഡ് എസ്.ഐ.സുനില്‍.പി.സി., .എ.എസ്്.ഐമാരായ പ്രദീപ് സി.ആര്‍, ഫ്രാന്‍സിസ് എ.പി,എസ്.സി.പി.ഒ മാരായ സൂരജ് .വി.ദേവ്, ലിജു ഇയ്യാനി, മിഥുന്‍ കൃഷ്ണ, ജ്യോതിഷ് കുമാര്‍, സി.പി.ഒമാരായ അരുണ്‍ നാഥ്, നിഷാന്ത്, ഷിജിത്ത്, അഖിലേഷ്, അനുരാജ്, തൃശൂര്‍ റൂറല്‍ സൈബര്‍ സെല്‍ സി.പിഒ മനു എന്നിവര്‍ ചേര്‍ന്ന പോലീസ് സംഘവും തൃശ്ശൂര്‍ റൂറല്‍ ഡാന്‍സാഫ് ടീമും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
മദ്യം മാഹിയില്‍ നിന്നും വിവിധവാഹനങ്ങളില്‍ കൊല്ലം, തിരുവനന്തപുരം, എറണാകുളം ജില്ലകളിലേക്ക് ചില്ലറവില്പനക്ക് വേണ്ടി കൊണ്ടുവന്നിരുന്നതെന്നാണ് പ്രതികള്‍ മൊഴി നല്‍കിയിട്ടുള്ളത്. ഇതിന്റെ ഉറവിടത്തെക്കുറിച്ചും സാമ്പത്തിക സഹായം നല്‍കുന്നവരെ കുറിച്ചും,പ്രതിയില്‍ നിന്നും മദ്യം വാങ്ങി വില്‍ക്കുന്നവരെയും കുറിച്ചും പോലീസ് അന്വേഷിച്ചു വരുന്നുണ്ട്.