തൃശൂര്‍: നിക്ഷേപതട്ടിപ്പ് കേസില്‍ തിരുവമ്പാടി ദേവസ്വം പ്രസിഡണ്ട്
ടി.എ സുന്ദര്‍ മേനോനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. നിക്ഷേപം തിരിച്ചു നല്‍കുന്നില്ലെന്ന 18 പേരുടെ പരാതിയിലാണ് അറസ്റ്റ്. രാവിലെ സുന്ദര്‍ മേനോനെ സിറ്റി കമ്മീഷണര്‍ ഓഫീസില്‍ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
അഞ്ചു വര്‍ഷത്തെ കാലാവധിയ്ക്ക് ശേഷം ഇരട്ടിത്തുക തിരിച്ചു നല്‍കാമെന്ന വാഗ്ദാനം നല്‍കി മുപ്പത് കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് കേസ്. പ്രമുഖ വ്യവസായിയും പത്മശ്രീ ജേതാവുമാണ് സുന്ദര്‍മേനോന്‍
പൂങ്കുന്നം ചക്കാമുക്കില്‍ ഹീവാന്‍സ് ഫിനാന്‍സ് എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തില്‍ സുന്ദര്‍ മേനോന്‍ ചെയര്‍മാനാണ്. കോണ്‍ഗ്രസ് നേതാവായ സി.എസ് ശ്രീനിവാസാണ് സ്ഥാപനത്തിന്റെ ഡയറക്ടര്‍.. ഇരുവരുടെയും രാഷ്ട്രീയ, സാമൂഹിക ഇടപെടലുകള്‍ വിശ്വാസത്തിലെടുത്താണ് ലക്ഷക്കണക്കിന് രൂപ ഹീവാന്‍സ് ഫിനാന്‍സിലും ഹീവാന്‍സ് നിധി കമ്പനിയിലുമായി നിക്ഷേപിച്ചതെന്ന് നിക്ഷേപകര്‍ പറയുന്നു. എന്നാല്‍ പിന്നീട് പലിശയോ മുതലോ നിക്ഷേപകര്‍ക്ക് നല്‍കാന്‍ കമ്പനി തയാറായിട്ടില്ല.
പണം കിട്ടാത്ത നിക്ഷേപകര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു ജമ്മു ആസ്ഥാനമാക്കിയാണ് കേരളത്തില്‍ ഇവര്‍ സ്ഥാപനം തുടങ്ങിയത്. എന്നാല്‍ ഈ സ്ഥാപനത്തിന് ജമ്മുവില്‍ ഓഫീസിലില്ലെന്ന് പിന്നീട് വ്യക്തമായിരുന്നു. കേരളത്തില്‍ നാലു ബ്രാഞ്ചുകളാണ് പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. 300 ഓളം നിക്ഷേപകര്‍ പല ഘട്ടങ്ങളിലായി സ്ഥാപനത്തിനെതിരെ പരാതി നല്‍കിയിരുന്നു. ഹൈക്കോടതിയിലും ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഒരു വര്‍ഷം മുന്‍പ് തന്നെ സ്ഥാപനം പൂട്ടി. ബഡ്‌സ് ആക്ട് പ്രകാരം സ്ഥാപനം ജപ്തി ചെയ്യാനും ഉത്തരവിട്ടിരുന്നു.