മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം സ്വീകരിക്കും
തൃശൂർ:,കേരള പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ കേരള ആംഡ് വനിത പോലീസ് ബറ്റാലിയന്‍ 19 ബി ബാച്ചിലെ 187 വനിത പോലീസ് സേനാംഗങ്ങളുടേയും, മലപ്പുറം എം.എസ്.പി. ബറ്റാലിയനില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 26-ാമത് ബാച്ചിലെ 223 പുരുഷ പോലീസ് സേനാംഗങ്ങളുടേയും സംയുക്ത പാസിംഗ് ഔട്ട് പരേഡ് 2024 ആഗസ്റ്റ് 4 ന് രാവിലെ 8.30 ന് കേരള പോലീസ് അക്കാദമി മുഖ്യ പരേഡ് ഗ്രൗണ്ടില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിച്ച് സേനാംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും. സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ക് ദര്‍വേഷ് സാഹെബ്, എ.ഡി.ജി.പി. ആംഡ് പോലീസ് ബറ്റാലിയന്‍ എം.ആര്‍. അജിത് കുമാര്‍, എ.ഡി.ജി.പി. ആന്റ് ഡയറക്ടര്‍ കേരള പോലീസ് അക്കാദമി പി. വിജയന്‍, തൃശ്ശൂര്‍ റേഞ്ച് ഡി.ഐ.ജി. അജിതാ ബീഗം, കേരള ആംഡ് വനിത പോലീസ് ബറ്റാലിയന്‍ കമാണ്ടന്റ് നകുല്‍ രാജേന്ദ്ര ദേശ് മുഖ്, എം.എസ്.പി. ബറ്റാലിയന്‍ കമാണ്ടന്റ് സന്തോഷ് കെ.വി എന്നിവരും ചടങ്ങില്‍ സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിക്കും. ഉന്നത പോലീസ് ഉദ്യോഗസ്ഥരും പരിശീലനാര്‍ത്ഥികളുടെ ബന്ധുമിത്രാദികളും ചടങ്ങില്‍ പങ്കെടുക്കും.
2023 ഒക്ടോബര്‍ 31 നാണ് കേരള ആംഡ് വനിത പോലീസ് ബറ്റാലിയന്‍ 19 ബി ബാച്ച് വനിത പോലീസ് സേനാംഗങ്ങളുടെ പരിശീലനം കേരള പോലീസ് അക്കാദമിയില്‍ ആരംഭിച്ചത്. 2023 നവംബര്‍ 1 നാണ് എം.എസ്.പി. ബറ്റാലിയന്‍ 26-ാമത് ബാച്ച് പുരുഷ പോലീസ് സേനാംഗങ്ങളുടെ പരിശീലനം മലപ്പുറം എം.എസ്.പി. ബറ്റാലിയനില്‍ ആരംഭിച്ചത്. ഒന്‍പത് മാസത്തെ അടിസ്ഥാന പരിശീലനത്തിന്റെ ഭാഗമായി ഇവര്‍ക്ക് ഔട്ട്‌ഡോര്‍ വിഭാഗത്തില്‍ പരേഡ്, ശാരീരികക്ഷമത പരിശീലനം എന്നിവയ്ക്ക് പുറമേ ഡ്രില്‍, ലാത്തി, മോബ് ഓപ്പറേഷന്‍, ഒബ്സ്റ്റക്കിള്‍ കോഴ്‌സ്, ഫീല്‍ഡ് ക്രാഫ്റ്റ്, മാപ്പ് റീഡീങ്ങ്, ബോംബ് ഡിറ്റക്ഷന്‍, സെല്‍ഫ് ഡിഫന്‍സ്, കരാട്ടെ, യോഗ, നീന്തല്‍, ഡ്രൈവിംഗ് എന്നിവയിലും പരിശീലനം നല്‍കിയിട്ടുണ്ട്. ഹൈ ആള്‍ട്ടിറ്റിയൂഡ് ട്രെയിനിംഗ്, കോസ്റ്റല്‍ സെക്യൂരിറ്റി ട്രെയിനിംഗ്, ജംഗിള്‍ ട്രെയിനിംഗ് എന്നിവക്ക് പുറമെ അത്യാധുനിക ആയുധങ്ങളായ താര്‍, ഇന്‍സാസ്, എസ്എല്‍ആര്‍, എല്‍എംജി, ഗ്ലോക്ക് പിസ്റ്റല്‍, കാര്‍ബൈന്‍ എന്നിവയില്‍ ഫയറിംഗ് പരിശീലനവും നല്‍കിയിട്ടുണ്ട്.
ഇന്‍ഡോര്‍ വിഭാഗത്തില്‍ ഇന്ത്യന്‍ ഭരണഘടന, ഭാരതീയ ന്യായ സന്‍ഹിത, ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിത, ഭാരതീയ സുരക്ഷാ അധിനിയം, ഇന്ത്യന്‍ ശിക്ഷാ നിയമം, ക്രിമിനല്‍ നടപടി ക്രമം, തെളിവ് നിയമം, മറ്റ് നിയമങ്ങള്‍, പോലീസ് സ്റ്റേഷന്‍ മാനേജ്‌മെന്റ്, ട്രാഫിക്ക് മാനേജ്‌മെന്റ്, കേസന്വേഷണം, വി.ഐ.പി ബന്തവസ്സ്, ഇന്റേണല്‍ സെക്യൂരിറ്റി, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, ഫോറന്‍സിക് സയന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലീജന്‍സ് ഇന്‍ പോലീസിങ്, കംപാഷണേറ്റ് കമ്മ്യൂണിക്കേഷന്‍ ആന്റ് ഇന്‍വെന്‍ഷന്‍ ബൈ പോലീസ്, ഫോറന്‍സിക് മെഡിസിന്‍, കംപ്യൂട്ടര്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍, ക്രിമിനോളജി, പീനോളജി, വിക്ടിമോളജി, സ്ത്രീകള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍, ജെന്‍ഡര്‍ ന്യൂട്രല്‍സ് തുടങ്ങിയവരോടുള്ള പെരുമാറ്റം, പരിസ്ഥിതിക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയല്‍, ഫസ്റ്റ് എയ്ഡ് തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസ്സ് റൂം പരിശീലനവും നല്‍കിയിട്ടുണ്ട്.
വനിത പോലീസ് പരിശീലനാര്‍ത്ഥികള്‍ക്ക് കോസ്റ്റല്‍ സെക്യൂരിറ്റി പ്രായോഗിക പരിശീലനം അഴീക്കോട്, മുനയ്ക്കകടവ് തീരദേശ പോലീസ് സ്റ്റേഷനുകളിലും, ഫോറന്‍സിക് മെഡിസിന്‍ പ്രായോഗിക പരിശീലനം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ലഭ്യമാക്കി. എസ്ഒജി യുടെ നേതൃത്വത്തില്‍ ഭീകര വിരുദ്ധ പരിശീലനവും, ഇടുക്കിയിലെ കുട്ടിക്കാനത്ത് ഹൈ ആള്‍ട്ടിട്ട്യൂഡ് പരിശീലനവും നല്‍കി. കേരളം സമീപ കാലത്ത് നേരിട്ട പ്രളയകെടുതികള്‍ പോലുള്ള പ്രകൃതി ദുരന്തങ്ങളില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് വേണ്ടി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് എന്ന വിഷയത്തില്‍ ഇവര്‍ക്ക് നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സിലെ വിദഗ്ദ്ധര്‍ പരിശീലനം നല്‍കിയിട്ടുണ്ട്.
മലപ്പുറം എം.എസ്.പി. ബറ്റാലിയനില്‍ പരിശീലനം പൂര്‍ത്തിയാക്കിയ സേനാംഗങ്ങള്‍ക്ക് കോസ്റ്റല്‍ സെക്യൂരിറ്റി പ്രായോഗിക പരിശീലനം ബേപ്പൂര്‍, പൊന്നാനി, എലത്തൂര്‍ തീരദേശ പോലീസ് സ്റ്റേഷനുകളിലും, ഫോറന്‍സിക് മെഡിസിന്‍ പ്രായോഗിക പരിശീലനം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും നല്‍കി. പോലീസിന്റെ തൊഴില്‍ വൈദഗ്ദ്ധ്യം വര്‍ദ്ധിപ്പിക്കുന്നതിനും, പൊതുജനങ്ങളോടുള്ള പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനും പോലീസിന്റെ ആപ്തവാക്യമായ ‘മൃദു ഭാവേ ദൃഢ കൃത്യേ’ അന്വര്‍ത്ഥമാക്കുന്നതിനും ഉതകുന്ന രീതിയിലുള്ള പരിശീലനമാണ് പരിശീലന കാലയളവില്‍ നല്‍കിയിട്ടുള്ളത്. പരിശീലന കാലയളവില്‍ തന്നെ പ്രായോഗിക പരിശീലനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള ആംഡ് വനിത പോലീസ് ബറ്റാലിയന്‍ പരിശീലനാര്‍ത്ഥികളെ 2024 ലോകസഭ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കും, തൃശ്ശൂര്‍ പൂരത്തിനോടനുബന്ധിച്ചുള്ള ക്രമസമാധാനപാലന ഡ്യൂട്ടികള്‍ക്കും നിയോഗിച്ചിരുന്നു. എം.എസ്.പി. ബറ്റാലിയനിലെ പരിശീലനാര്‍ത്ഥികളെ മലപ്പുറം ജില്ലയിലെ വൈരംകോട് പൂരത്തിനോടനുബന്ധിച്ചുള്ള ക്രമസമാധാനപാലന ഡ്യൂട്ടിക്കും, 2024 ലോകസഭ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലും നിയോഗിച്ചിട്ടുണ്ട്.
കേരള ആംഡ് വനിത പോലീസ് ബറ്റാലിയനിലെ 187 വനിത പോലീസ് പരിശീലനാര്‍ത്ഥികളില്‍ 93 പേര്‍ വിവാഹിതരാണ്. കേരള ആംഡ് വനിത പോലീസ് ബറ്റാലിയനിലെ 187 വനിത പോലീസ് പരിശീലനാര്‍ത്ഥികളില്‍ 93 പേര്‍ വിവാഹിതരാണ്.