പാലക്കാട്: റെയില്‍പാളത്തില്‍ നിന്നും ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഒറ്റപ്പാലം, ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ മായന്നൂര്‍ മേല്‍പാലത്തിന് സമീപം അഞ്ചിടങ്ങളില്‍ നിന്നാണ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.
ഉറപ്പുള്ള ഇരുമ്പായതിനാല്‍ അപകടസാധ്യതയുണ്ടായിരുന്നുവെന്നും ട്രെയിന്‍ അട്ടിമറി ശ്രമമാണോ ഇതിനു പിന്നിലെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു. പാലക്കാട് ഭാഗത്തേക്ക് കടന്നുപോയ മെമുവിലെ ലോക്കോ പൈലറ്റാണ് പാളത്തില്‍ അസ്വാഭാവികത അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തത്.
പിന്നീടു നടത്തിയ പരിശോധയിലാണ് പാളത്തെയും കോണ്‍ക്രീറ്റ് സ്ലീപ്പറിനെയും ബന്ധിപ്പിക്കുന്ന അഞ്ച് ഇആര്‍ ക്ലിപ്പുകള്‍ കണ്ടെത്തിയത്.