തൃശ്ശൂർ: സാമൂഹ്യആഘാതപഠനം നടത്തുന്നതിന് മുന്‍പ് കെ-റെയില്‍ പദ്ധതിയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി അതിരുകല്ലിടല്‍ തുടര്‍ന്നാല്‍ ശക്തിയായി ചെറുക്കുമെന്ന് കെ-റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി അറിയിച്ചു.
വിശദപഠന രേഖയും (ഡി.പി.ആര്‍) ഫീസിബിലിറ്റി സ്റ്റഡി റിപ്പോര്‍ട്ടും, ഫീല്‍ഡ് മാപ്പും പൊതുജനങ്ങള്‍ നിന്ന് മറച്ചുവെച്ചാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടു പോകുന്നതെന്ന് വാര്‍ത്താസമ്മേളനത്തില്‍ സമിതി ജന.കണ്‍വീനര്‍ എസ്.രാജീവന്‍, സംസ്ഥാന രക്ഷാധികാരി പ്രൊഫ.കുസുമം ജോസഫ്, ജില്ലാ കണ്‍വീനര്‍ എ.എം.സുരേഷ്‌കുമാര്‍, സംസ്ഥാന സമിതി അംഗങ്ങളായ ലിന്റോ വരടിയം, മാര്‍ട്ടിന്‍ കൊട്ടേക്കാട്, ശ്രീധരന്‍.പി. എന്നിവര്‍ പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
പരിസ്ഥിതി ആഘാത പഠനത്തിന് 14 മാസവും, സാമൂഹ്യാഘാത പഠനത്തിന് 3 മാസവും സമയം അനുവദിച്ചിട്ടുണ്ട്. രണ്ട് പഠന റിപ്പോര്‍ട്ടുകളും അനുകൂലമാണെങ്കില്‍ മാത്രമേ കല്ലിടല്‍ അടക്കമുള്ള തുടര്‍നടപടികള്‍ക്ക് അനുവാദം നല്‍കാവൂവെന്ന് സമിതി ഓര്‍മ്മിപ്പിച്ചു. സര്‍ക്കാരിന്റെ അംഗീകാരമുള്ള ഏജന്‍സികളാണ് പരിസ്ഥിതി ആഘാത പഠനവും, സാമൂഹ്യ ആഘാത പഠനവും നടത്തേണ്ടത്. ഏജന്‍സി പൊതുസമൂഹത്തില്‍ നിന്ന്് ശേഖരിക്കുന്ന വിവരങ്ങളുടെയും തനതായ വിലയിരുത്തലുകളുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് കെ-റെയില്‍ പദ്ധതി വേണമോ എന്ന് തീരുമാനിക്കേണ്ടത്.
തൃശൂരില്‍ അടക്കം പല ജില്ലകളിലും കെ-റെയിലിനായി പാത നിര്‍മ്മിക്കുന്നതിന് അതിരുകള്‍ നിര്‍ണ്ണയിച്ച് അതിരു കല്ലുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. അതിരുകല്ലിടല്‍ നാല് മാസത്തിനകം പൂര്‍ത്തിയാക്കാനാണ് നീക്കം. പരിസ്ഥിതി പഠന റിപ്പോര്‍ട്ടും, സാമൂഹ്യ ആഘാത പഠന റിപ്പോര്‍ട്ടും തയ്യാറാക്കാനെന്ന വ്യാജേന നിയമവിരുദ്ധമായ രീതിയിലാണ് ഇപ്പോള്‍ അതിരുകല്ലിടല്‍ നടത്തുന്നത്. റവന്യു അധികാരികളുടെ ഒത്താശയോടെ നടത്തുന്ന നിയമവിരുദ്ധമായ കല്ലിടല്‍ പോലീസിനെ കാവല്‍ നിര്‍ത്തി, ജനത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയാണ് നടത്തുന്നതെന്നും സമിതി ഭാരവാഹികള്‍ ആരോപിച്ചു.
Photo: newsskerala.com