തൃശൂര്‍: ഇരിങ്ങാലക്കുട കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച ലക്ഷക്കണക്കിനു രൂപയും പലിശയും തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് തിരുവോണ ദിവസം മാപ്രാണം വടക്കേത്തല ജോഷി വീട്ടില്‍ നിരാഹാരസമരം അനുഷ്ഠിച്ചു. രാവിലെ 7ന് ആരംഭിച്ച പട്ടിണി സമരം വൈകിട്ട് എഴ് മണിക്കാണ് അവസാനിപ്പിച്ചത്.
സഹകരണബാങ്കിന്റെ നെറികേടിനും, നീതിനിഷേധത്തിനും എതിരെയാണ് സമരമെന്ന് മുന്‍ എസ്.എഫ്. ഐ ഏരിയാ കമ്മിറ്റി അംഗവും, ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന ജോഷി പറഞ്ഞു. താനും കുടുംബാംഗങ്ങളും ലക്ഷങ്ങളാണ് ഇവിടെ നിക്ഷേപിച്ചിരിക്കുന്നത്. അധ്വാനിച്ചുണ്ടാക്കിയ പണം തിരികെ കിട്ടണം. മന്ത്രി ബിന്ദുവിനോട് ഇക്കാര്യം പറയാന്‍ ശ്രമിച്ചെങ്കിലും ഒഴിഞ്ഞുമാറിയെന്നും ജോഷി പറഞ്ഞു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഇടപെട്ട് നീതി നടപ്പാക്കുമെന്നും പണം തിരികെ കിട്ടുമെന്നും ആത്മവിശ്വാസമുണ്ടെന്നും ജോഷി പറഞ്ഞു.
ബാങ്കിന്റെ ഹെഡ് ഓഫിസിനു മുന്‍പില്‍ സമരം നടത്താനാണ് ആദ്യം തീരുമാനിച്ചതെങ്കിലും പൊലീസ് കള്ളക്കേസെടുക്കുമോയെന്ന് ഭയന്നാണു സമരം വീട്ടുപടിക്കലേക്കു മാറ്റിയതെന്നും ജോഷി പറഞ്ഞു.
ഭാര്യയുടെ സ്വര്‍ണാഭരണങ്ങള്‍ വിറ്റതും സഹോദരിയുടെ സമ്പാദ്യവും സഹോദരങ്ങള്‍ക്കും കൂടി അവകാശപ്പെട്ട, മാതാപിതാക്കളുടെ സമ്പാദ്യവും ഉള്‍പ്പെടെ 90 ലക്ഷം രൂപയാണ് ജോഷി ബാങ്കില്‍ നിക്ഷേപിച്ചത്. തുക പിന്‍വലിക്കാനുള്ള ശ്രമങ്ങള്‍ തുടരെ നടത്തിയിട്ടും മൂന്നിലൊന്നു പോലും ലഭിച്ചില്ല. പിന്‍വലിക്കാനോ പലിശ വാങ്ങാനോ ബാങ്കില്‍ എത്തിയാല്‍ ജീവനക്കാരുടെ അധിക്ഷേപത്തിന് ഇരയാകേണ്ട അവസ്ഥയാണെന്നും ജോഷി പറയുന്നു. അപകടത്തെത്തുടര്‍ന്ന് 8 വര്‍ഷം കിടപ്പിലായിരുന്ന ജോഷി, 2010 മുതല്‍ എംപാനല്‍ കരാറുകാരനായി ജോലി ചെയ്തുവരികയാണ്. ഇതിനിടെ 2 തവണ ട്യൂമര്‍ ബാധിച്ചെങ്കിലും കഷ്ടിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തി. ഒരു ചെവിയുടെ കേള്‍വിശക്തിയില്ല.