തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സി.പി.എം നേതാവ് കെ രാധാകൃഷ്ണന്‍ എം.പിക്ക് ആശ്വാസം. കേസില്‍ കെ.രാധാകൃഷ്ണനെ സാക്ഷിയാക്കാന്‍ ഇ ഡി തീരുമാനം. കെ രാധാകൃഷ്ണന്റെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇ ഡിയുടെ നീക്കം. കെ രാധാകൃഷ്ണനെ ഇനി വിളിപ്പിച്ചേക്കില്ലെന്നാണ് വിവരം. ഇന്നലെ ഏഴ് മണിക്കൂറാണ് കെ രാധാകൃഷ്ണനില്‍ നിന്ന് മൊഴിയെടുത്തത്. കേസില്‍ അന്തിമ കുറ്റപത്രം ഈ മാസം സമര്‍പ്പിക്കും.
കരുവന്നൂര്‍ ബാങ്കില്‍ സി.പി.എം തൃശൂര്‍ ജില്ലാ കമ്മിറ്റിക്ക് അക്കൗണ്ടില്ലെന്ന് ചോദ്യം ചെയ്യലിന് ശേഷം രാധാകൃഷ്ണന്‍ പ്രതികരിച്ചു. അറിയാവുന്ന വിവരങ്ങള്‍ പറഞ്ഞു. തന്റെ സ്വത്ത് വിവരങ്ങള്‍ നേരത്തെ നല്‍കിയിരുന്നുവെന്നും താന്‍ പ്രതിയാണ് എന്ന മട്ടിലാണ് മറ്റുള്ളവര്‍ ഈ വിഷയത്തില്‍ പ്രചാരണം നടത്തുന്നതെന്നും എം പി കുറ്റപ്പെടുത്തി. കരുവന്നൂര്‍ ബാങ്കിലെ പാര്‍ട്ടി സംവിധാനങ്ങളെ കുറിച്ച് അറിയില്ലെന്ന് കെ. രാധാകൃഷ്ണന്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.
ബാങ്കിലെ ഡയറക്ടര്‍ ബോര്‍ഡിനപ്പുറം പാര്‍ട്ടി സംവിധാനങ്ങളെക്കുറിച്ച് അറിയില്ല. ബിനാമി വായ്പകള്‍ അനുവദിക്കാന്‍ സംവിധാനം ഉള്ളതായും, പാര്‍ട്ടിക്ക് പാര്‍ലമെന്ററി കമ്മിറ്റിയും സബ് കമ്മിറ്റിയും ഉണ്ടായിരുന്നതായും അറിയില്ല. ജില്ലാ കമ്മിറ്റിയുടെ അറിവോടെയായിരുന്നു തട്ടിപ്പെന്ന ആരോപണം തെറ്റെന്നും അദ്ദേഹം നല്‍കിയ മൊഴിയിലുണ്ട്.
സി കെ ചന്ദ്രന്‍ അസുഖബാധിതനായതിനാല്‍ ചുമതല നല്‍കിയില്ല.
കെ രാധാകൃഷ്ണന്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്തെ കണക്കുകള്‍ സംബന്ധിച്ച വിവരങ്ങളാണ് ഇ ഡി പരിശോധിച്ചത്. കരുവന്നൂര്‍ ബാങ്കുമായുളള സിപിഎം ബന്ധം, സിപിഎം പാര്‍ട്ടി അക്കൗണ്ടുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ തുടങ്ങിയ കാര്യങ്ങളിലായിരുന്നു മൊഴിയെടുപ്പ്. കരുവന്നൂര്‍ ബാങ്കില്‍ 324 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് ഇ ഡി പറയുന്നത്.