തൃശൂര്‍: വന്യജീവി ആക്രമണം അടക്കം നിരവധി പ്രതിസന്ധികളെയാണ്
കര്‍ഷകര്‍ നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് കേരള ഇന്‍ഡിപെന്‍ഡന്‍ഡ് ഫാര്‍മേഴ്സ് അസോസിയേഷന്റെ (കിഫ) പ്രസിഡണ്ട് ജോസ് വര്‍ക്കി പത്രസമ്മേളനത്തില്‍ പ്രസ്താവിച്ചു 2021-ല്‍ മാത്രം സംസ്ഥാനത്ത് 12 പേരുടെ ജീവനാണ് വന്യജീവികളുടെ ആക്രമണത്തില്‍ നഷ്ടമായത്. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് മതിയായ വില കിട്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കാടിറങ്ങുന്ന വന്യജീവി ആക്രമണത്തിനെതിരെയും, തീവ്ര വനം,പരിസ്ഥിതി കരിനിയമങ്ങള്‍ക്കെതിരെയും, അധികാരവര്‍ഗത്തിന്റെ കര്‍ഷക വിരുദ്ധ നിലപാടുകള്‍ക്കെതിരെയും കര്‍ഷക കൂട്ടായ്മയായ കേരള ഇന്‍ഡിപെന്‍ഡന്‍ഡ് ഫാര്‍മേഴ്സ് അസോസിയേഷന്റെ (കിഫ) നേതൃത്വത്തില്‍ കര്‍ഷക പ്രതിരോധ സദസ്സ് സംഘടിപ്പിക്കുന്നു. ജില്ലയിലെ മലയോര നിവാസികളെ പങ്കെടുപ്പിച്ച് പഴയന്നൂര്‍ പഞ്ചായത്തിലെ എളനാട് സെന്ററില്‍ മാര്‍ച്ച് നാലിന് ഉച്ചതിരിഞ്ഞ് 3.30ന് പ്രതിരോധ സദസ്സ് തുടങ്ങും. കിഫ ചെയര്‍മാന്‍ അലക്സ് ഒഴുകയില്‍ മുഖ്യപ്രഭാഷണം നടത്തും.
മലയോര ജനതയുടെ ജീവിതത്തേയും, ജീവനോപാധിയേയും ഇല്ലാതാക്കുന്ന വന്യമൃഗശല്യം, ബഫര്‍സോണ്‍, മരം മുറി പ്രശ്നം, പട്ടയ പ്രശ്നം മുതലായ വസ്തുതകളും യാഥാര്‍ത്ഥ്യങ്ങളും പ്രതിരോധസദസ്സില്‍ വിചാരണ ചെയ്യപ്പെടും. പ്രതിരോധ സദസ്സിന് മുന്നോടിയായി എളനാട് ആലിന്‍ചോട് സെന്ററില്‍ നിന്ന് തുടങ്ങുന്ന പ്രതിഷേധ പ്രകടനം 3.30ന് എളനാട് സെന്ററില്‍ സമാപിക്കും.
പത്രസമ്മേളനത്തില്‍ വര്‍ഗീസ് പോള്‍, ടി.രാംകുമാര്‍ എളനാട് എന്നിവരും പങ്കെടുത്തു.