കൊച്ചി: ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും വാ തുറക്കാത്ത മുഖ്യമന്ത്രിക്ക് ആണത്തമുണ്ടോയെന്ന് കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരന്‍. ആരോപണം ഉയര്‍ന്നപ്പോള്‍ ഏതു രേഖകള്‍ വേണമെങ്കിലും പരിശോധിക്കാമെന്ന് വെല്ലുവിളിച്ച മാത്യു കുഴല്‍നാടന്‍ നട്ടെല്ലുണ്ടെന്ന്
തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മകള്‍ വീണയുമായി ബന്ധപ്പെട്ട ആരോപണത്തില്‍ മുഖ്യമന്ത്രി മറുപടി പറയാത്തതിനെതിരെ രൂക്ഷമായ ഭാഷയിലാണ് കെ.സുധാകരന്‍ പ്രതികരിച്ചത്.
മുഖ്യമന്ത്രിയുടെ രീതിയല്ല, മാത്യു കുഴല്‍നാടന്റേത്. ഉന്നയിക്കപ്പെട്ട ആരോപണങ്ങളുമായി ബന്ധപ്പെട്ട് അവരുടെ ഏതു നേതാക്കള്‍ക്കും വന്നു രേഖ പരിശോധിക്കാമെന്നു പറഞ്ഞ മനുഷ്യനാണ് അദ്ദേഹം. പിണറായി വിജയന്റെ മകള്‍ക്കെതിരായ ആരോപണത്തില്‍ അതേ രീതിയില്‍ വെല്ലുവിളിക്കാനുള്ള തന്റേടം സി.പി.എമ്മിനുണ്ടോയെന്നും സുധാകരന്‍ ചോദിച്ചു. അഴിമതി ആരോപണം ഉയര്‍ന്നപ്പോള്‍ ഇത്ര നട്ടെല്ലോടെ പ്രതികരിച്ച മറ്റൊരു പൊതുപ്രവര്‍ത്തകനുണ്ടോ? കുഴല്‍നാടന് യാതൊരു ഭയപ്പാടുമില്ല. ഞങ്ങളൊക്കെ വിളിച്ചു ചോദിക്കുന്നുണ്ട്. പക്ഷേ, ഒരു പരാതിയെക്കുറിച്ചും അദ്ദേഹത്തിന് ഭയപ്പാടില്ല. അദ്ദേഹത്തിന്റെ കൈവശം എല്ലാ രേഖകളുമുണ്ട്. അത് ആര്‍ക്കും കൊടുക്കും. ആര്‍ക്കും പരിശോധിക്കാം. ഇതെല്ലാം പറയുന്നതിന് അപ്പുറം വേറെ എന്തു വേണം’- സുധാകരന്‍ ചോദിച്ചു. കുഴല്‍നാടനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന സി.പി.എമ്മുകാര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. സി.പി.എമ്മിന്റെ അണികള്‍ക്കു പോലും ഇതില്‍ സംശയമുണ്ടാകില്ലെന്നും’ – കെ.സുധാകരന്‍ പറഞ്ഞു.