തൃശൂർ: നിർദ്ദിഷ്ട കെ – റെയിൽ സിൽവർലൈൻ സെമി സ്പീഡ് റെയിൽവേ പദ്ധതിയുടെ ഭാഗമായി മണ്ണ് പരിശോധനയോ സർവ്വേ നടപടികളോ തൃശ്ശൂർ ജില്ലയിൽ നടത്താൻ അനുവദിക്കില്ലെന്ന് തൃശൂർ എം.പി ടി.എൻ. പ്രതാപൻ.
കെ – റെയിൽ പദ്ധതിമൂലം വീടും മറ്റു ഉപജീവനമാർഗങ്ങളും നഷ്ടപ്പെടുന്നവരുടെ കളക്ടറേറ്റ് ധർണ ഇന്ന് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ടി.എൻ. പ്രതാപൻ. പദ്ധതിയുടെ സർവേയ്ക്കും മണ്ണുപരിശോധനക്കു മായി ഉദ്യോഗസ്ഥരെ തൃശ്ശൂരിൽ കാൽ കുത്തുവാൻ അനുവദിക്കില്ലെന്നും എം.പി. പറഞ്ഞു.
പരിസ്ഥിതി പ്രവർത്തകൻ സി ആർ നീലകണ്ഠൻ ധർണ യോടനുബന്ധിച്ച് നടന്ന യോഗത്തിൽ മുഖ്യ പ്രസംഗം നടത്തി. കെ – റെയിൽ പദ്ധതി കേരളത്തിലെ ഭീഷണിയാണെന്നും കൊച്ചി മെട്രോ ഉണ്ടാക്കുന്നതിനേക്കാൾ മുപ്പത് ഇരട്ടി നഷ്ടം കെ – റെയിൽ സിൽവർ ലൈൻ പദ്ധതി ഉണ്ടാക്കുമെന്നും നീലകണ്ഠൻ പറഞ്ഞു.
1500 രൂപ കൊടുത്ത് കാസർഗോഡ് നിന്നും തിരുവനന്തപുരം വരെ 70,000 ആളുകൾ കെ – റെയിലിൽ ഒരു ദിവസം സഞ്ചരിക്കുമെന്ന കേരള സർക്കാരിൻറെ വാദം ബാലിശമാണ്. മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽ പദ്ധതിക്ക് പോലും 30,000 ആളുകൾ മാത്രമേ ഒരു ദിവസത്തിൽ സഞ്ചരിക്കുകയുള്ളൂ എന്നാണ് പഠനങ്ങൾ, അദ്ദേഹം പറഞ്ഞു.
ബി.ജെ.പി. ജില്ല പ്രസിഡന്റ് കെ.കെ. അനീഷ് കുമാർ സമരത്തിൽ പങ്കെടുത്ത് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കെ -റെയിൽ സിൽവർ ലൈൻ സെമി ഹൈസ്പീഡ് റെയിൽവേ വിരുദ്ധ ജനകീയ സമിതിയാണ് ധർണ സംഘടിപ്പിച്ചത്.
സമിതി ജില്ല ചെയർമാൻ ശിവദാസ് മഠത്തിൽ അദ്ധ്യക്ഷത നിർവഹിച്ചു. സമിതി സംസ്ഥാന കമ്മിറ്റി മെമ്പർ ലിന്റോ വരടിയം സ്വാഗതം പറഞ്ഞു. ഡോ.പി.എസ് ബാബു, പ്രവീൻ ചെറുവത്ത്, വികാസ് ചക്രപാണി, രാജേഷ് അപ്പാട്ട്, പി.ജെ. മോൺസി, എം. കെ അസ്‌ലം, എം. കുമാരൻ, അഡ്വ. സുജ ആന്റണി, സി.ആർ. ഉണ്ണികൃഷ്ണൻ, ശ്രീധരൻ ചേർപ്പ്, സി.കെ. ഭരതൻ, മാർട്ടിൻ കൊട്ടേക്കാട് തുടങ്ങിയവർ പങ്കെടുത്തു.
സമിതി ജില്ല കൺവീനർ എ.എം. സുരേഷ് നന്ദി പറഞ്ഞു.
Photo Credit: You Tube