ബാങ്കോക്ക്: മ്യാന്‍മറിലും, തായ്‌ലന്‍ഡിലും വന്‍ ഭൂചലനം. മരണം 500 കവിഞ്ഞതായാണ് റിപ്പോര്‍ട്ട്. ഭൂകമ്പം വലിയ നാശം വിതച്ച തായ്‌ലാന്‍ഡില്‍ പ്രധാനമന്ത്രി പെയ്‌തൊങ്ടാണ്‍ ഷിനവത്ര അടിയന്തരയോഗം വിളിച്ചു. തലസ്ഥാനമായ ബാങ്കോക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ബാങ്കോക്കിലും ചൈനയുടെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ യുനാനിലും മെട്രോ സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കയാണ്. 7.9 തീവ്രതയുള്ള ഭൂകമ്പമാണ് യുനാനില്‍ അനുഭവപ്പെട്ടത്. 1.7 കോടിപ്പേര്‍ പാര്‍ക്കുന്ന അംബരചുംബികളാല്‍ നിറഞ്ഞ നഗരമാണ് ബാങ്കോക്ക്. പ്രകമ്പനമനുഭവപ്പെട്ടതിനു പിന്നാലെ ബാങ്കോക്കിലെ ബഹുനിലക്കെട്ടിടങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു.
മ്യാന്‍മറിലെ രണ്ടാമത്തെ വലിയ നഗരമായ മാന്‍ഡലെയിലാണ് ഭൂകമ്പം കനത്ത നാശം വിതച്ചത്. ഇവിടെ ഒട്ടേറെ കെട്ടിടങ്ങളും ഇരവതി നദിക്കുകുറുകെയുള്ള പഴയപാലവും അണക്കെട്ടും തകര്‍ന്നു. ദേശീയപാതകള്‍ രണ്ടായി മുറിഞ്ഞു. ഒരു പള്ളിയും നിലംപൊത്തി. പള്ളിയില്‍ പ്രാര്‍ഥനയ്ക്കെത്തിയവരാണ് ദുരന്തത്തിനിരയായത്. തായ്ലാന്‍ഡ് തലസ്ഥാനമായ ബാങ്കോക്കിലെ ചതുചാക്കില്‍ നിര്‍മാണത്തിലിരിക്കുന്ന 33-നിലക്കെട്ടിടം ഭൂകമ്പത്തില്‍ തകര്‍ന്നു. അവിടെയാണ് മൂന്നുപേര്‍ മരിച്ചത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ 83 തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് തായ് ഉപപ്രധാനമന്ത്രി ഫുംതാം വിചായചായ് പറഞ്ഞു. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
ഭൂകമ്പം ഏറ്റവും കൂടുതല്‍ബാധിച്ച മ്യാന്‍മാറിലെ മാന്‍ഡലെയില്‍നിന്ന് 17.2 കിലോമീറ്റര്‍ അകലെ, സഗൈങ് നഗരത്തിന് വടക്കുപടിഞ്ഞാറ് 10-30 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ പറഞ്ഞു. മ്യാന്‍മാറിലെ പട്ടാളഭരണകൂടം അന്താരാഷ്ട്രസമൂഹത്തോട് സഹായമഭ്യര്‍ഥിച്ചു.