കൊച്ചി: അങ്കമാലി- എറണാകുളം അതിരൂപത വിവാദ ഭൂമി ഇടപാട് കേസിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് സംസ്ഥാന സർക്കാരിൻറെ ക്ലീൻചിറ്റ്.
മുഖവില കുറച്ച് കാണിച്ചത്തിന് ആദായ നികുതി വകുപ്പ് ആറരക്കോടി രൂപ പിഴ ചുമത്തിയ ഇടപാടിലാണ് സംസ്ഥാന സർക്കാർ യാതൊരുവിധ അപാകതയും ഇല്ല എന്ന സത്യവാങ്മൂലം സുപ്രീം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.
ആദായനികുതി വകുപ്പ് നടത്തിയ അന്വേഷണത്തിൽ മൂന്നേമുക്കാൽ കോടി രൂപ ആധാരത്തിൽ കാണിച്ച സ്ഥലം ഇടനിലക്കാരനായ സാജു വർഗീസ് ആറുമാസത്തിനുശേഷം 39 കോടി രൂപയ്ക്ക് മറിച്ചുവിറ്റു എന്ന് കണ്ടെത്തിയിരുന്നു.
ഭൂമി ഇടപാടിൽ കള്ളപ്പണമുണ്ടെന്ന സംശയത്തിൽ എൻഫോഴ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് സംസ്ഥാന സർക്കാരിൻറെ നിയമ വകുപ്പ് അണ്ടർ സെക്രട്ടറി ഇത്തരമൊരു സത്യവാങ്മൂലം സുപ്രീംകോടതിയിൽ സമർപ്പിച്ചിട്ടുള്ളത്.
എസിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ നടത്തിയ അന്വേഷണത്തിൽ കർദ്ദിനാളിന്റെ ഭാഗത്ത് യാതൊരുവിധ വീഴ്ചകളും ഇല്ല എന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്.
കാനോൺ നിയമപ്രകാരവും അങ്കമാലി അതിരൂപതയുടെ ചട്ടങ്ങൾ പ്രകാരവും കർദ്ദിനാൾ ഉൾപ്പെട്ട സമിതിക്ക് ഭൂമി വിൽപ്പന നടത്താൻ അധികാരം ഉണ്ടെന്നും, പണം ഇടപാടുകളിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നുമാണ് സർക്കാരിൻറെ സത്യവാങ്മൂലത്തിൽ പറയുന്നത്.
കർദ്ദിനാൾ കേസിൽ വിചാരണ ചെയ്യപ്പെടണമെന്ന് കാക്കനാട് മജിസ്ട്രേറ്റ് കോടതി, ജില്ലാ കോടതി, ഹൈക്കോടതി എന്നിവ മുൻപ് വിധിച്ചിരുന്നു.
വിചാരണയിൽ നിന്ന് ഒഴിവാക്കണമെന്ന് കർദ്ദിനാൾ സുപ്രീംകോടതിൽ നൽകിയ അപ്പീലിലാണ് ഇപ്പോൾ സംസ്ഥാന സർക്കാരിൻറെ വലിയ വിവാദമായേക്കാവുന്ന ഈ സത്യവാങ്മൂലം.
കാനോൺ നിയമപ്രകാരമല്ല ഇന്ത്യയിൽ ഭൂമി ഇടപാടുകൾ നടക്കുന്നത് എന്നും പകരം ഇന്ത്യൻ നിയമങ്ങളാണ് ബാധകം ആകേണ്ടത് എന്നും കർദ്ദിനാളിനെ എതിർക്കുന്ന കാത്തോലിക്ക് സഭാ നവീകരണ സമിതി ഭാരവാഹികൾ പറയുന്നു. പണം ഇടപാടുകൾ നിയമപരമാണ് എങ്കിൽ ആദായ നികുതി വകുപ്പ് എന്തിനാണ് ഇടപാടിൽ ഉൾപ്പെട്ടവർക്ക് ആറരക്കോടിയുടെ പിഴ ചുമത്തിയത് എന്നും അവർ ചോദിക്കുന്നു.
അടുത്ത ആഴ്ച സുപ്രീംകോടതി കേസ് പരിഗണിക്കുന്ന വേളയിൽ സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലവും പരിശോധിക്കും. കേസിനെ സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ ഈ സത്യവാങ്മൂലം വളരെ പ്രാധാന്യമുള്ളതാണെന്ന് നിയമ വിദഗ്ധർ പറയുന്നു.