തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് മുന്നില്‍ മൈക്ക് തകരാര്‍ പതിവായി. രാവിലെ തൃശൂരില്‍ സി.പി.എം ആസ്ഥാനമായ അഴീക്കോടന്‍ മന്ദിരത്തില്‍ വാര്‍ത്താസമ്മേളനത്തിനെത്തിയപ്പോഴാണ് മൈക്ക് നിശ്ചലമായത്.
മുന്നില്‍ നിരത്തി വെച്ച ചാനലുകളുടെ മൈക്കുകള്‍ ഒതുക്കി വെയ്ക്കാന്‍ നിര്‍ദേശിച്ച ശേഷമാണ് മുഖ്യമന്ത്രി സംസാരം തുടങ്ങിയത്. മൈക്കില്‍ നിന്ന് മൂളല്‍ മാത്രം വന്നതോടെ പാര്‍ട്ടി നേതാക്കള്‍ അസ്വസ്ഥരായി. ഇതിനിടെ നിങ്ങള്‍ക്ക് വാർത്തയായില്ലേയെന്ന മുഖ്യമന്ത്രിയുടെ ചോദ്യം ചിരിപടര്‍ത്തി.
മാസപ്പടി കേസുമായി ബന്ധപ്പെട്ട ചോദ്യം വന്നതോടെ മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ച് മൈക്ക് ഓഫാക്കി വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച് വേദി വി്ട്ടിറങ്ങി.
മാസപ്പടി കേസില്‍ ഇ.ഡിയുടെ ചോദ്യം ചെയ്യല്‍ മകള്‍ വീണയിലേക്ക് എത്തുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യമാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. ”ആ ഭയം നിങ്ങള്‍ക്കുണ്ടെങ്കില്‍ ആ തോന്നലുമായി നിങ്ങള്‍ നടക്ക്. ബാക്കി നമുക്ക് പിന്നീട് പറയാം” എന്നു പറഞ്ഞാണ് മുഖ്യമന്ത്രി മൈക്ക് ഓഫാക്കിയത്.