തൃശൂർ : പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2024-25 ല്‍ ഉള്‍പ്പെടുത്തി പുഴയ്ക്കല്‍, ചിറ്റിലപ്പിള്ളി ക്ഷീര സഹകരണ സംഘങ്ങളില്‍ സ്ഥാപിച്ച മില്‍ക്ക് എ.ടി.എം മെഷീനുകളുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നിര്‍വ്വഹിച്ചു. പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല രാമകൃഷ്ണന്‍ അധ്യക്ഷയായി. ക്ഷീര വികസന ഓഫീസര്‍ സി.ജെ. ജാസ്മിന്‍ പദ്ധതി വിശദീകരിച്ചു.
പുഴയ്ക്കല്‍ ക്ഷീരസംഘം പരിസരത്തും (മുതുവറ), ചിറ്റിലപ്പിള്ളിയിലെ ക്ഷീരസംഘം ബില്‍ഡിങ്ങിലുമാണ് മില്‍ക്ക് എ.ടി.എം സ്ഥാപിച്ചത്. പദ്ധതിക്കായി ബ്ലോക്ക് പഞ്ചായത്ത് ആറ് ലക്ഷം രൂപയും ക്ഷീര സഹകരണ സംഘങ്ങള്‍ ഗുണഭോക്തൃ വിഹിതമായി രണ്ട് ലക്ഷം രൂപയും ചെലവഴിച്ചു. ക്ഷീര സഹകരണ സംഘങ്ങളില്‍ നിന്ന് 75 ശതമാനം സബ്‌സിഡിയോടെയാണ് മില്‍ക്ക് എ.ടി.എം മെഷീനുകള്‍ സ്ഥാപിച്ചത്.
ക്ഷീര കര്‍ഷകരില്‍ നിന്ന് ഗുണമേന്മ ഉറപ്പുവരുത്തി സംഭരിച്ച പാലിനെ ശീതീകരിച്ച് 24 മണിക്കൂറും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്ന സംവിധാനമാണ് മില്‍ക്ക് എ.ടി.എം. ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ ഈ സംരംഭം ക്ഷീര മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് പകരുന്നതിനൊപ്പം വിപണന സാധ്യതകളെയും ശക്തിപ്പെടുത്തും. പ്ലാസ്റ്റിക് ഉപഭോഗം കുറയ്ക്കാന്‍ കഴിയുന്നത് ഈ പദ്ധതിയുടെ പ്രധാന ഗുണങ്ങളിലൊന്നാണ്. ഉപഭോക്താക്കള്‍ക്ക് പാലിന്റെ ഗുണനിലവാരം നേരിട്ട് പരിശോധിച്ച് വാങ്ങാന്‍ കഴിയുന്ന ഒരു സമഗ്രമായ സംവിധാനംകൂടിയാണ് മില്‍ക്ക് എ.ടി.എം.
ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം ലിനി ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.എം ഷാജു, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ജ്യോതി ജോസഫ്, ജെസി സാജന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.വി. ബിജു, ടി.ഡി. വില്‍സണ്‍, ആനി ജോസ്, വി.എസ്. ശിവരാമന്‍, അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിമി അജിത്കുമാര്‍, അടാട്ട് ഗ്രാമപഞ്ചായത്തംഗങ്ങളായ എം.ആര്‍. ലത, നിഷ പ്രഭാകര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വി. ലേഖ, പുഴയ്ക്കല്‍ ക്ഷീര സംഘം പ്രസിഡന്റ് ഐ.എസ്. സുകുമാരന്‍, ചിറ്റിലപ്പിള്ളി ക്ഷീര സംഘം പ്രസിഡന്റ് സി.കെ. ഷാജു, പുഴയ്ക്കല്‍ ക്ഷീര സംഘം സെക്രട്ടറി എ. ഡോണ്‍ ആന്റണി തുടങ്ങിയവര്‍ സംസാരിച്ചു.