തിരുവനന്തപുരം: ഹിജാബ് വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരും, സ്‌കൂള്‍ മാനേജ്‌മെന്റും തുറന്ന ഏറ്റുമുട്ടലിലേക്ക്്. വിദ്യാര്‍ത്ഥികളുടെ യൂണിഫോം തീരുമാനിക്കാനുള്ള അധികാരം തങ്ങള്‍ക്കെന്നാണ് മാനേജ്‌മെന്റിന്റെ വാദം. ഹിജാബ് ധരിച്ച എട്ടാം ക്ലാസുകാരിയെ ക്ലാസിന് പുറത്തുനിര്‍ത്തിയ സംഭവത്തില്‍ എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിന് എതിരെ രൂക്ഷവിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി രംഗത്തെത്തി. മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കേരളത്തില്‍ ഇങ്ങനെയൊരു അനുഭവം ഇനി ഒരു കുട്ടിക്കും ഉണ്ടാകാന്‍ പാടില്ല. സ്‌കൂള്‍ മാനേജ്‌മെന്റിന് വീഴ്ച സംഭവിച്ചുവെന്നും, ഗുരുതരമായ കൃത്യവിലോപമാണ് ഉണ്ടായിട്ടുള്ളതെന്നും എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അസ്വസ്ഥത ഉണ്ടാക്കുന്ന ഏത് വിഷയത്തിലും സര്‍ക്കാര്‍ ഇടപെടും. വിഷയം ഒത്തുതീര്‍പ്പായാല്‍ കടുത്ത നടപടി ഉണ്ടാകില്ല. അച്ഛനും അമ്മയും ആഗ്രഹിക്കുന്ന കാലത്തോളം കുട്ടിക്ക് ഹിജാബ് ധരിച്ച് ക്ലാസിലെത്താമെന്നും മന്ത്രി വ്യക്തമാക്കി.
വിദ്യാര്‍ഥിനിയുടെ പിതാവ് പ്രശ്‌നം പരിഹരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടും മന്ത്രി വീണ്ടും ഇത് പ്രശ്‌നമാക്കേണ്ട കാര്യം ഉണ്ടായിരുന്നില്ല എന്നാണ് സ്‌കൂള്‍ മാനേജ്‌മെന്റ് അഡ്വക്കേറ്റ് വിമല ബിനു ഇന്നലെ പ്രതികരിച്ചിരുന്നത്.
ഇതോടെയാണ് ഹിജാബിന്റെ നിറവും ഡിസൈനും സ്‌കൂള്‍ അധികൃതര്‍ക്ക് തീരുമാനിക്കാം എന്നും ഹിജാബ് ധരിച്ച് തുടര്‍പഠനം നടത്താന്‍ കുട്ടിയെ അനുവദിക്കണമെന്നും വിദ്യാഭ്യാസ മന്ത്രി കര്‍ശനമായി ആവശ്യപ്പെട്ടത്.
ഹിജാബ് വിവാദത്തിന് ശേഷം രണ്ടുദിവസത്തെ അവധി കഴിഞ്ഞ്് പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂള്‍ തുറന്നു. ഹിജാബ് ധരിക്കണം എന്ന ആവശ്യവുമായി രംഗത്തെത്തിയ എട്ടാം ക്ലാസുകാരിയായ വിദ്യാര്‍ഥിനി ഇന്ന് സ്‌കൂളില്‍ എത്തില്ല. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം അവധിയെടുത്തതാണെന്ന് രക്ഷിതാവ്. സ്‌കൂളിന്റെ നിയമാവലി പാലിക്കാമെന്നും തുടര്‍ന്നും കുട്ടിയെ ഈ സ്‌കൂളില്‍ പഠിപ്പിക്കാനാണ് ആഗ്രഹമെന്നും കുട്ടിയുടെ പിതാവ് പറഞ്ഞതായി ഹൈബി ഈഡന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഹൈബി ഈഡന്‍ എം പിയുടെയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെയും മധ്യസ്ഥതയില്‍ രക്ഷിതാവും സ്‌കൂള്‍ മാനേജ്മെന്റ് പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചക്ക് ശേഷമായിരുന്നു പ്രതികരണം. സ്‌കൂള്‍ നിര്‍ദേശിക്കുന്ന യൂണിഫോം ധരിക്കാന്‍ തയ്യാറാണെന്നും വര്‍ഗീയവാദികള്‍ക്ക് ഇടം ഉണ്ടാക്കിക്കൊടുക്കില്ലെന്നും അനസ് വ്യക്തമാക്കി. ബിജെപി ആര്‍ എസ് എസ് ശക്തികള്‍ ബോധപൂര്‍വം പ്രശ്‌നം ഉണ്ടാക്കാന്‍ ശ്രമിച്ചെന്നും വര്‍ഗീയമായ ഭിന്നിപ്പ് ഉണ്ടാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ഹൈബി ഈഡന്‍ എം പി പറഞ്ഞു.