തൃശൂര്‍: മുളയത്ത് പിതാവിനെ കൊലപ്പെടുത്തിയത് സ്വര്‍ണ്ണമാലക്ക് വേണ്ടിയെന്ന് പ്രതിയായ മകന്റെ മൊഴി. മാല നല്‍കാതായതോടെ പട്ടിക കൊണ്ട് തലക്കടിച്ചു ഇന്നലെയാണ് ആളൊഴിഞ്ഞ പറമ്പില്‍ മുളയം സ്വദേശി സുന്ദരന്റെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്.
അച്ഛനെ കൊന്ന് ചാക്കില്‍ കെട്ടി മകന്‍ ആളൊഴിഞ്ഞ പറമ്പില്‍ ഉപേക്ഷിക്കുകയായിരുന്നു. സുന്ദരനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് സമീപത്തെ വിജനമായ പറമ്പില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് 5.45 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സുന്ദരന്റെ ഭാര്യ രക്തക്കറ കാണുകയായിരുന്നു. തുടര്‍ന്ന് സമീപസ്ഥലങ്ങളില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
പുത്തൂരിലെ ബന്ധു വീടിന് പുറകുവശത്തെ പറമ്പില്‍ നിന്നാണ് സുമേഷിനെ കസ്റ്റഡിയിലെടുത്തത്. നേരത്തെയും സുമേഷ് പിതാവ് സുന്ദരനോട് പണം ആവശ്യപ്പെട്ടിരുന്നു. ഇന്നലെയും വീട്ടിലെത്തിയ സുമേഷ് പിതാവിനോട് പണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പണമില്ല എന്ന് പറഞ്ഞതോടുകൂടി കഴുത്തിലുണ്ടായിരുന്ന മാല നല്‍കണം എന്നാവശ്യപ്പെട്ടു. ഇതിന് സുന്ദരന്‍ വിസമ്മതിച്ചതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. തുടര്‍ന്ന് പട്ടികകൊണ്ട് സുന്ദരന്റെ തലക്കടിച്ച് കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് സുമേഷ് പറയുന്നത്. കൊലപാതകത്തിന് ശേഷം സ്വര്‍ണമാല പണയം വെച്ചു എന്നും പ്രതി സമ്മതിച്ചു.