കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; 31ന് ചോദ്യം ചെയ്യലിന് ഹാജരാകണം
കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍മന്ത്രിയും, സി.പി.എം നേതാവും, കുന്നംകുളം എം.എല്‍.എയുമായ എ.സി. മൊയ്തീന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) നോട്ടീസ്. ഈ മാസം 31 ന് രാവിലെ 11 മണിക്ക് കൊച്ചി ഇ.ഡി ഓഫീസില്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബിനാമി ലോണ്‍ ഇടപാട് അടക്കമുള്ള കേസിലാണ് ചോദ്യം ചെയ്യല്‍. ബിനാമി ഇടപാടുകാര്‍ക്കും ഇ.ഡി നോട്ടീസ് അയച്ചിട്ടുണ്ട്.
കരുവന്നൂര്‍ ബാങ്കിലെ കോടികളുടെ ബിനാമി ലോണുകള്‍ക്ക് പിന്നില്‍ മൊയ്തീന് ആണെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ കണ്ടെത്തല്‍. പാവങ്ങളുടെ ഭൂമി അവരറിയാതെ പണയപ്പെടുത്തിയാണ് ബിനാമികള്‍ ലോണ്‍ തട്ടിയതെന്നും ഇ.ഡി വ്യക്തമാക്കുന്നു. 6 ഇടങ്ങളില്‍ നടത്തിയ റെയ്ഡില്‍ 15 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി.
150 കോടി രൂപയുടെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിന് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ജില്ലാ നേതാക്കളടക്കം കൂട്ട് നിന്നെന്നാണ് ഇ.ഡി വ്യക്തമാക്കുന്നത്. നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരമാണ് ബിനാമികള്‍ സ്വത്തുക്കള്‍ പണയപ്പെടുത്തി കോടികളുടെ ലോണ്‍ തട്ടിയത്. പാവപ്പെട്ട ഇടപാടുകാരുടെ ഭൂമി അവരറിയാതെയാണ് ബിനാമികള്‍ പണയപ്പെടുത്തിയത്. ഒരേ ഭൂമി പണയപ്പെടുത്തി ഒന്നിലധികം ലോണുകള്‍ അനുവദിച്ചു. എ.സി. മൊയ്തീനിന്റെ നിര്‍ദ്ദേശ പ്രകാരമാണ് പല ലോണുകളും ബിനാമികള്‍ക്ക് അനുവദിച്ചതെന്നും ഇ.ഡി വ്യക്തമാക്കുന്നു.
ബിനാമികളെന്ന് സംശയിക്കുന്ന പി.പി. കിരണ്‍, സി.എം റഹീം, എം.കെ. ഷിജു, സതീഷ് കുമാര്‍ അടക്കമുള്ളവരുടെ വീടുകളിലും ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. എ.സി. മൊയതീന്. ഭാര്യ എന്നിവരുടെ ബാങ്കില്‍ സ്ഥിരം നിക്ഷേപമായുള്ള 28 ലക്ഷം രൂപയും ഇതിലുള്‍പ്പെടുമെന്ന് ഇ.ഡി പറയുന്നു.