തൃശൂര്‍: ക്ഷേത്രോത്സവത്തിനെത്തിച്ച ആനയിടഞ്ഞ് ഒരാളെ കുത്തിക്കൊന്നു. ചിറ്റാട്ടുകര എളവള്ളി ബ്രഹ്‌മകുളം ശ്രീ പൈങ്കണിക്കല്‍ ക്ഷേത്രത്തിലാണ് സംഭവം.കച്ചവടത്തിനായി എത്തിയ ആലപ്പുഴ സ്വദേശി ആനന്ദ് (45) ആണ് മരിച്ചത്. ചിറക്കല്‍ ഗണേശനെന്ന ആനയാണ് ഇടഞ്ഞത്. ആനയുടെ കുത്തേറ്റ പാപ്പാന് ഗുരുതര പരിക്കുണ്ട്. കുളിപ്പിക്കുന്നതിനിടെ ആന ഇടഞ്ഞ് പാപ്പാനെ കുത്തിയ ശേഷം വിരണ്ട് ഓടുകയായിരുന്നു. പച്ചമരുന്ന് വില്പനക്കാരനായ ആനന്ദും ഭാര്യയും പാടത്ത് കിടക്കുമ്പോഴാണ് വിരണ്ടോടിയ ആന പാഞ്ഞെത്തിയത്. ആനന്ദിനെ ആക്രമിച്ച ശേഷം ആന മുന്നോട്ട് ഓടുകയായിരുന്നു. ഭാര്യ ഓടി മാറിയതിനാല്‍ പരുക്കേറ്റില്ല. ചിറ്റാട്ടുകര-കടവല്ലൂര്‍ റെയില്‍വേ ഗേറ്റിന് സമീപത്ത് വെച്ചാണ് സംഭവം. ഏറെനേരെത്തെ പരിശ്രമത്തിന് ശേഷം ആനയെ തളച്ചു. കണ്ടാണിശേരി ഭാഗത്ത് വെച്ചാണ് തളച്ചത്. ആനന്ദിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.