തൃശൂര്‍: സംസ്ഥാനത്തെ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ പ്രിന്‍സിപ്പല്‍ നിയമന പട്ടികയില്‍ ഇടപെട്ടതുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ ക്ഷുഭിതയായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നവരെ കോടതി കയറ്റുമെന്ന മുന്നറിയിപ്പും അവര്‍ നല്‍കി.
പ്രിന്‍സിപ്പല്‍ നിയമനപ്പട്ടികയില്‍ ഇടപെട്ടെന്ന ആരോപണം അവര്‍ വാര്‍ത്താസമ്മേളനത്തില്‍ നിഷേധിച്ചു. നിയമനം യു.ജി.സി ചട്ടപ്രകാരമാണ് നടത്തിയത്. 43 പേരുടെ പട്ടിക തയ്യാറാക്കിയത് സെലക്ഷന്‍ കമ്മിറ്റിയാണ്. ഒഴിവാക്കപ്പെട്ടവര്‍ പരാതി ഉന്നയിച്ചിരുന്നു. പരാതികള്‍ പരിശോധിക്കാനാണ് നിര്‍ദേശിച്ചത്. പട്ടികയില്‍ ആരെയെങ്കിലും കുത്തിക്കയറ്റണമെന്ന താല്‍പര്യമൊന്നും സര്‍ക്കാരിനില്ല. പ്രിന്‍സിപ്പല്‍ നിയമന ലിസ്റ്റ് താന്‍ കണ്ടിട്ടില്ല. സബ് കമ്മിറ്റി രൂപീകരിച്ചത് മന്ത്രിയുടെ ഓഫീസില്‍ നിന്നല്ലെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.
പ്രിന്‍സിപ്പല്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട് പ്രത്യേക താത്പര്യമില്ല. അന്തിമ പട്ടിക തയ്യാറായിട്ടില്ല. കോടതി വിധി പരിഗണിച്ചാകും അന്തിമ പട്ടിക തയ്യാറാക്കുക. പരാതിക്കിടയാകാത്ത രീതിയില്‍ നിയമനം നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നീതിനിഷേധം ഉണ്ടാകാതിരിക്കാനാണ് ഇടപെട്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രിന്‍സിപ്പല്‍ നിയമന പട്ടിക അനന്തമായി വൈകുന്നത് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടല്‍ കാരണമെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്തു വന്നതിനെത്തുടര്‍ന്നായിരുന്നു മന്ത്രിയുടെ വാര്‍ത്താസമ്മേളനം. .