തിരുവനന്തപുരം: നിയമസഭയിലെ പ്രതിഷേധത്തില്‍ മൂന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍. റോജി എം ജോണ്‍ എം വിന്‍സന്റ്, സനീഷ് കുമാര്‍ ജോസഫ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു ഉള്ള പ്രമേയം പാര്‍ലമെന്ററി കാര്യമന്ത്രി എം ബി രാജേഷ് അവതരിപ്പിച്ചു. പ്രമേയം പാസായി. സഭയുടെ നടപ്പ് സമ്മേളനത്തിലാണ് സസ്‌പെന്‍ഷന്‍.
പ്രതിപക്ഷം സഭാ മര്യാദകള്‍ ലംഘിച്ചു. സഭയില്‍ ഉന്തും തള്ളും ഉണ്ടാക്കി. ഭരണപക്ഷ അംഗങ്ങള്‍ക്കെതിരെ വെല്ലുവിളി നടത്തി. ചീഫ് മര്‍ഷല്‍ ഷിബുവിന് പരുക്കേറ്റു. തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍. ശബരിമല സ്വര്‍ണ്ണ മോഷണ വിവാദത്തില്‍ തുടര്‍ച്ചയായി നാലാം ദിവസവും നിയമസഭ പ്രതിപക്ഷം സ്തംഭിപ്പിച്ചിരുന്നു. ദ്വാരപാലക ശില്‍പ്പങ്ങള്‍ കോടി രൂപയ്ക്ക് വിറ്റഴിച്ച ദേവസ്വം മന്ത്രി രാജിവെക്കുന്നത് വരെ സമരം തുടരുമെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. പ്രതിപക്ഷം ഉയര്‍ത്തിയ ബാനര്‍ നീക്കണമെന്ന് സ്പീക്കറുടെ ആവര്‍ത്തിച്ചുള്ള നിര്‍ദ്ദേശവും പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചു.
തുടക്കത്തില്‍ തന്നെ നിലപാട് വ്യക്തമാക്കിയ പ്രതിപക്ഷ നേതാവ് വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്നും പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാവിന്റെ പ്രസംഗം തടസ്സപ്പെടുത്തിയതോടെ സ്പീക്കറുമായി വാക്കേറ്റവും നടന്നു. ഇതോടെ സഭ ബഹളത്തില്‍ അമര്‍ന്നു. പ്രതിപക്ഷ നേതാവിനെതിരെ വിമര്‍ശനവുമായി ഭരണപക്ഷവും എഴുന്നേറ്റു. മുദ്രാവാക്യം വിളിച്ചും സ്പീക്കറുടെ ഡയസ്സിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചും പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു. പ്രതിപക്ഷ അംഗങ്ങളുടെ തള്ളിക്കയറ്റത്തില്‍ വാച്ച് ആന്‍ഡ് വാര്‍ഡുമായി ഉന്തും തള്ളും ആയതോടെ സ്പീക്കര്‍ സഭ നിര്‍ത്തിവെക്കുകയായിരുന്നു.