കൊച്ചി: മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനാകും. തിരുവനന്തപുരത്ത് ഇന്നു ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ കേന്ദ്ര നിരീക്ഷകനായി പ്രഹ്ലാദ് ജോഷി രാജീവ് ചന്ദ്രശേഖറിന്റെ പേര് നിര്‍ദേശിക്കുകയായിരുന്നു. കോര്‍ കമ്മിറ്റി കേന്ദ്രനിര്‍ദേശം അംഗീകരിച്ചു. രാജീവ് ചന്ദ്രശേഖര്‍ ഇന്ന് തന്നെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. നാളെ ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
ഇലക്ട്രോണിക്സ് എൻജിനീയറിങ് ബിരുദധാരിയും ഐടിയിൽ ബിരുദാനന്തര ബിരുദവും ഉള്ള സംഘപരിവാർ – ആർഎസ്എസ് പശ്ചാത്തലം ഇല്ലാത്ത രാജീവ് ചന്ദ്രശേഖറിനെ അധ്യക്ഷനായി നിയമിച്ച് യുവാക്കളുടെയും പാർട്ടിയേതര വോട്ടുകളും നേടുക എന്നതാണ് ബിജെപിയുടെ ലക്ഷ്യ. അടുത്ത വർഷം കേരളത്തിൽ നടക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് പുതിയ അധ്യക്ഷൻ്റെ മുന്നിലുള്ള ആദ്യ വെല്ലുവിളി.
കോര്‍ കമ്മിറ്റി യോഗത്തിനായി രാവിലെ തന്നെ രാജീവ് ചന്ദ്രശേഖര്‍ എത്തിയിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയിരുന്നു രാജീവ് ചന്ദ്രശേഖര്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ശശി തരൂരിനെതിരെ പതിനായിരത്തോളം വോട്ടിനാണ് രാജീവ് ചന്ദ്രശേഖര്‍ പരാജയപ്പെടുന്നത്. പ്രസിഡണ്ട് സ്ഥാനത്തേക്ക് താല്‍പര്യമില്ലെന്ന് കേന്ദ്രനേതൃത്വത്തെ അറിയിച്ചെങ്കിലും ഞായറാഴ്ചത്തെ കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ അമിത് ഷായാണ് നിര്‍ദേശം നല്‍കിയത്.
കഴിഞ്ഞ നരേന്ദ്രമോദി സർക്കാരിൽ കേന്ദ്രസഹമന്ത്രിയായിരുന്നു രാജീവ് ചന്ദ്രശേഖർ. നിലവിലെ പ്രസിഡണ്ട് കെ സുരേന്ദ്രന്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍, സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളായ എം ടി രമേശ്, ശോഭ സുരേന്ദ്രന്‍ എന്നിവരുടെ പേരുകളാണ് സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടിരുന്നത്. സുരേഷ് ഗോപിയുടെ വിജയം, ലോക്‌സഭ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനം തുടങ്ങിയവ കെ സുരേന്ദ്രന് ഒരു തവണ കൂടി പ്രസിഡണ്ട് പദം നീട്ടിനല്‍കിയേക്കുമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ കണക്കുകൂട്ടിയിരുന്നത്.
കർണാടകയിൽ നിന്ന് മൂന്ന് തവണ ബിജെപിയുടെ രാജ്യസഭ എംപിയായി പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ എയർഫോഴ്സിൽ ഓഫീസർ ആയിരുന്ന എം കെ ചന്ദ്രശേഖറിന്റെയും വല്ലിയുടെയും മകനായി 1964 ലാണ് രാജീവ് ചന്ദ്രശേഖർ ജനിച്ചത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് കോൺഗ്രസ് നേതാവ് ശശി തരൂരിനെതിരെ കടുത്ത മത്സരം കാഴ്ചവച്ച ചന്ദ്രശേഖർ 16,077 വോട്ടിന് തോറ്റിരുന്നു.