ബാലഭാസ്കറിന്റെ അച്ഛനെ തനിക്ക് പരിചയമുണ്ടെന്നാണ് സരിത നായർ പറയുന്നത്. എന്നാൽ സരിതയുമായി ഒരു ബന്ധവുമില്ലെന്ന് ബാലഭാസ്കറിന്റെ കുടുംബം വ്യക്തമാക്കുന്നു
കൊച്ചി: വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്കറും രണ്ടു വയസ്സുകാരിയായ മകളും കാറപകടത്തിൽ 2018 ൽ മരണപ്പെട്ട കേസിൽ പുനരന്വേഷണം സംബന്ധിച്ച അപേക്ഷയിൽ വിധി വരാനിരിക്കെ സോളാർ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായർ ബാലഭാസ്കറിന്റെ പിതാവ് കെ.സി. ഉണ്ണിയുമായി ഫോണിൽ സംസാരിച്ചതിൽ ദുരൂഹത വർദ്ധിക്കുന്നു.
നാല് തവണ വിധി നീട്ടിവെച്ച് കേസിൽ, വിധി അനുകൂലമായിരിക്കില്ല എന്നും സുപ്രീം കോടതി അഭിഭാഷകനെകൊണ്ട് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി കൊടുക്കുവാനുള്ള സഹായങ്ങൾ ചെയ്തുതരാം എന്നാണ് രണ്ട് ദിവസം മുൻപ് സരിത ബാലഭാസ്കറിന്റെ പിതാവിനെ ഫോണിൽ വിളിച്ച് സംസാരിച്ചത്.
തങ്ങൾക്ക് ആരുടെയും സഹായം ആവശ്യമില്ല എന്നും സരിത എന്തിനാണ് വിളിച്ചത് എന്നറിയില്ലെന്നാണ് ബാലഭാസ്കറിനെ പിതാവ് പറയുന്നത്.
ബാലഭാസ്കറിന്റെ അച്ഛനെ തനിക്ക് പരിചയമുണ്ടെന്നാണ് സരിത നായർ പറയുന്നത്. എന്നാൽ സരിതയുമായി ഒരു ബന്ധവുമില്ലെന്ന് ബാലഭാസ്കറിന്റെ കുടുംബം വ്യക്തമാക്കുന്നു.
വിളിച്ചത് താൻ തന്നെയാണെന്നും സമാനമായ മറ്റു കേസുകളിൽ അനുകൂലമല്ലാത്ത വിധി വന്നു എന്ന കാര്യം തൻറെ വക്കീൽ ശ്രദ്ധയിൽപ്പെടുത്തിയത് കൊണ്ടാണ് ബാലഭാസ്കറിന്റെ പിതാവിനെ വിളിച്ച് ആ വിവരം പറഞ്ഞത് എന്നാണ് സരിതയുടെ വിശദീകരണം.
എന്നാൽ സോളാർ തട്ടിപ്പുകേസിലെ ബാധ്യതകൾ തീർക്കാനും അതിനുശേഷം ജീവിതമാർഗം കണ്ടെത്താനും ബുദ്ധിമുട്ടുന്നു എന്ന് പലതവണ പറഞ്ഞിട്ടുള്ള സരിത സുപ്രീംകോടതി വക്കീലിന്റെ സഹായം ബാലഭാസ്കറിനെ കുടുംബത്തിന് ലഭ്യമാക്കുമെന്ന് പറഞ്ഞതിൽ വലിയ ദുരൂഹതയുണ്ട്.
ആരുടെ നിർദ്ദേശപ്രകാരമാണ് സരിത ഇത്തരം ഒരു ഇടപെടൽ നടത്തിയത് എന്നും വ്യക്തമല്ല.
ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സ്വർണ കടത്ത് മാഫിയയ്ക്ക് ബന്ധമുണ്ട് എന്ന് പ്രചാരണമുണ്ടായിരുന്നു. ബാലഭാസ്കറിന്റെ ട്രൂപ്പിൽ ഉണ്ടായിരുന്നു രണ്ടുപേർക്കെതിരെ തിരുവനന്തപുരം വിമാനത്താവളത്തിലൂടെ ഉള്ള സ്വർണക്കടത്ത് കേസിൽ പിന്നീട് കേസെടുത്തിരുന്നു.
എന്നാൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഒരു വ്യക്തിയെ ബാലഭാസ്കറിന്റെ അപകടം നടന്ന സ്ഥലത്ത് കണ്ടു എന്ന് പറഞ്ഞ് കലാഭവൻ ഷോബി രംഗത്തുവന്നെങ്കിലും സിബിഐ നടത്തിയ നുണ പരിശോധനയിൽ ഷോബി ആ സമയം ബാംഗ്ലൂരിലായിരുന്നു എന്നായിരുന്നു കണ്ടെത്തൽ.
ഇത്തരം വിവാദ കേസുകളിൽ – സ്വപ്ന സുരേഷ് ഉൾപ്പെട്ട തിരുവനന്തപുരം സ്വർണക്കടത്ത് കേസ് ഉൾപ്പെടെ – സരിത എസ് നായർ സജീവമായി ഇടപെടുന്നത് വലിയ സംശയങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.
സഹായിക്കാനെന്ന വ്യാജേന ഇത്തരം കേസുകളിൽ ബാലഭാസ്കറിന്റെയും സ്വപ്ന സുരേഷിന്റെയും കുടുംബാംഗങ്ങളുമായി ഇടപെട്ട് വിവരങ്ങൾ മറ്റാർക്കോ വേണ്ടി അറിയുവാൻ ശ്രമിക്കുകയാണോ എന്ന സംശയമാണ് പലരും ഉന്നയിക്കുന്നത്.
ബാലഭാസ്കറിന്റെ പിതാവിന്റെ വക്കീലിനെ കുറിച്ചും കേസ് നടക്കുന്ന കോടതിയെ പറ്റിയും കേസ് നമ്പറും സരിത ബാലഭാസ്കറിന്റെ പിതാവിൽനിന്ന് ആരാഞ്ഞിരുന്നു.
2018 ലാണ് കാറപകടത്തിലാണ് ബാലഭാസ്കർ മരിക്കുന്നത്. തൃശ്ശൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ പുലർച്ചെ തിരുവനന്തപുരത്ത് സംഭവിച്ച കാറപകടത്തിലാണ് ബാലഭാസ്കറും രണ്ടു വയസ്സുള്ള മകൾ തേജസ്വിനി ബാലയും മരണപ്പെട്ടത്.
കാർ നിയന്ത്രണംവിട്ട് റോഡരികിലുള്ള മരത്തിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്.
ആദ്യം താനാണ് വണ്ടി ഓടിച്ചിരുന്നത് എന്ന് മൊഴി കൊടുത്ത ബാലഭാസ്കറിന്റെ ഡ്രൈവർ അർജുൻ പിന്നീട് ബാലഭാസ്കറാണ് വണ്ടി ഓടിച്ചിരുന്നത് എന്ന് മൊഴി തിരുത്തിയിരുന്നു.
അപകടത്തിൽ ദുരൂഹത ഇല്ല എന്നാണ് സിബിഐയുടെ കണ്ടെത്തൽ. ഷോബി അടക്കം നാലുപേരുടെ നുണ പരിശോധന നടത്തിയിരുന്നു.
എന്നാൽ സിബിഐയുടെ കണ്ടെത്തൽ ശരിയല്ലെന്നും, പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് ബാലഭാസ്കറിന്റെ പിതാവ് ഇപ്പോൾ കോടതിയെ സമീപിച്ചിട്ടുള്ളത്. ഈ കേസിൽ ജൂൺ 30ന് വിധി വരാനിരിക്കെയാണ് സരിതയുടെ ദുരൂഹമായ ഫോൺ കോൾ.