ആലപ്പുഴ: ചേര്‍ത്തലയില്‍ നിന്ന് 2006-നും 2025-നുമിടയില്‍ കാണാതായ മധ്യവയസ്കരായ നാല് സ്ത്രീകളില്‍ മൂന്നുപേരുടെ തിരോധാനത്തില്‍ സെബാസ്റ്റ്യന്‍ (68) ആണ് പ്രതിയെന്ന്് സംശയം.
സെബാസ്റ്റ്യനെ പള്ളിപ്പുറത്തെ വീട്ടുവളപ്പിലെത്തിച്ച് തെളിവെടുപ്പ് നടത്തി. വീട്ടുവളപ്പില്‍നിന്നും വീട്ടുപറമ്പിലെ കുളങ്ങളില്‍നിന്നും തെളിവുകളും അസ്ഥിഭാഗങ്ങളും ലഭിച്ചതായാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് കോട്ടയം യൂണിറ്റാണ് പരിശോധന നടത്തുന്നത്. ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ സെബാസ്റ്റ്യന്‍ പറഞ്ഞയിടങ്ങളിലും കെഡാവര്‍ നായകള്‍ നല്കുന്ന സൂചനകളനുസരിച്ചുമാണ് പരിശോധന. നിലവില്‍ ജെയ്നമ്മയുടെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമാണ് സെബാസ്റ്റ്യന്‍ അന്വേഷണ സംഘത്തോട് സമ്മതിച്ചിരിക്കുന്നതെങ്കിലും മറ്റു ചില കേസുകളിലേയ്ക്കുകൂടി വെളിച്ചംവീശുന്നതാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന തെളിവുകള്‍ എന്നാണ് സൂചന.
ചേര്‍ത്തല സ്വദേശികളായ ബിന്ദു പത്മനാഭന്, ഐഷ, കോട്ടയം അതിരമ്പുഴ സ്വദേശി ജെയ്നമ്മ എന്നിവരെ സെബാസ്റ്റ്യന്‍ കൊലപ്പെടുത്തി എന്ന സംശയം ബലപ്പെടുകയാണ്. തെളിവുകള്‍ ബാക്കിവെക്കാതെ അതിവിദഗ്ധമായി സ്ത്രീകളെ കൊലപ്പെടുത്തുകയും സ്വത്ത് തട്ടിയെടുക്കുകയുമായിരുന്നു സെബാസ്റ്റ്യന്‍ എന്നാണ് കരുതുന്നത്. കൂടുതല്‍ സ്ത്രീകള്‍ ഇയാളുടെ ഇരകളായിട്ടുണ്ടോ എന്നും ഇപ്പോള്‍ പോലീസ് സംശയിക്കുന്നുണ്ട്.