Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

നിരവധി സ്ത്രീകളെ കൊന്ന് കുഴിച്ചിട്ടതായി നിഗമനം, സെബാസ്റ്റ്യന്‍ സൈക്കോ കില്ലര്‍

ആലപ്പുഴ:  ചേര്‍ത്തലയില്‍ നിന്ന് 2006-നും 2025-നുമിടയില്‍  കാണാതായ മധ്യവയസ്‌കരായ നാല് സ്ത്രീകളില്‍ മൂന്നുപേരുടെ തിരോധാനത്തില്‍ സെബാസ്റ്റ്യന്‍ (68) ആണ് പ്രതിയെന്ന്് സംശയം.
സെബാസ്റ്റ്യനെ പള്ളിപ്പുറത്തെ വീട്ടുവളപ്പിലെത്തിച്ച്  തെളിവെടുപ്പ് നടത്തി. വീട്ടുവളപ്പില്‍നിന്നും വീട്ടുപറമ്പിലെ കുളങ്ങളില്‍നിന്നും തെളിവുകളും അസ്ഥിഭാഗങ്ങളും ലഭിച്ചതായാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് കോട്ടയം യൂണിറ്റാണ് പരിശോധന നടത്തുന്നത്. ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ സെബാസ്റ്റ്യന്‍ പറഞ്ഞയിടങ്ങളിലും കെഡാവര്‍ നായകള്‍ നല്‍കുന്ന സൂചനകളനുസരിച്ചുമാണ് പരിശോധന. നിലവില്‍ ജെയ്‌നമ്മയുടെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമാണ് സെബാസ്റ്റ്യന്‍ അന്വേഷണ സംഘത്തോട് സമ്മതിച്ചിരിക്കുന്നതെങ്കിലും മറ്റു ചില കേസുകളിലേയ്ക്കുകൂടി വെളിച്ചംവീശുന്നതാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന തെളിവുകള്‍ എന്നാണ് സൂചന.

ചേര്‍ത്തല സ്വദേശികളായ ബിന്ദു പത്മനാഭന്‍, ഐഷ, കോട്ടയം അതിരമ്പുഴ സ്വദേശി ജെയ്‌നമ്മ എന്നിവരെ സെബാസ്റ്റ്യന്‍ കൊലപ്പെടുത്തി എന്ന സംശയം ബലപ്പെടുകയാണ്. തെളിവുകള്‍ ബാക്കിവെക്കാതെ അതിവിദഗ്ധമായി സ്ത്രീകളെ കൊലപ്പെടുത്തുകയും സ്വത്ത് തട്ടിയെടുക്കുകയുമായിരുന്നു സെബാസ്റ്റ്യന്‍ എന്നാണ് കരുതുന്നത്. കൂടുതല്‍ സ്ത്രീകള്‍ ഇയാളുടെ ഇരകളായിട്ടുണ്ടോ എന്നും ഇപ്പോള്‍ പോലീസ് സംശയിക്കുന്നുണ്ട്.

2024 ഡിസംബറില്‍ കാണാതായ ഏറ്റുമാനൂര്‍ സ്വദേശിനി ജയ്‌നമ്മയ്ക്കായുള്ള അന്വഷണമാണ് സെബാസ്റ്റ്യനില്‍ എത്തിയത്. ഇവരുമായി സെബാസ്റ്റ്യന് ബന്ധമുണ്ട് എന്നതിന്റെ പശ്ചാത്തലത്തില്‍ പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് ജയ്‌നമ്മ കൊല്ലപ്പെട്ടതായുള്ള സൂചനകള്‍ പോലീസിന് ലഭിക്കുന്നത്. തുടര്‍ന്ന് പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ ചെങ്ങുംതറ വീട്ടില്‍ അന്വേഷണ സംഘം പരിശോധന നടത്തുകയായിരുന്നു. പരിശോധനയില്‍ ഇവിടെനിന്ന് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇതിന് പിന്നാലെയാണ് മറ്റു തിരോധാനക്കേസുകളും അന്വേഷിക്കുന്നത്.

2024 ഡിസംബര്‍ 23 മുതല്‍ ജെയ്‌നമ്മയെ കാണാതായെന്നാണ് ഭര്‍ത്താവ് കെ.എം. മാത്യുവിന്റെ പരാതി. ഇതേ ദിവസം മുതല്‍ ഡിസംബര്‍ 25 വരെ പള്ളിപ്പുറത്തെ വീടിന്റെ ടവര്‍ പരിധിയില്‍ സെബാസ്റ്റ്യന്‍ ഉണ്ടായിരുന്നെന്നാണ് കണ്ടെത്തല്‍. ഇതിനുശേഷം ഓഫായ ജൈനമ്മയുടെ ഫോണ്‍ ജനുവരി അഞ്ചിനു ഓണാകുമ്പോഴും സെബാസ്റ്റ്യന്‍ അതേ ടവര്‍ പരിധിയിലായിരുന്നു. 2025 ജൂലായ് 19-ന് ഉച്ചയ്ക്ക് ഈരാറ്റുപേട്ട ടൗണില്‍ നൈനാര്‍പള്ളിക്കു സമീപമുള്ള മൊബൈല്‍ ഷോപ്പില്‍നിന്ന് ഇയാള്‍ ജെയ്നമ്മയുടെ നമ്പരില്‍ 99 രൂപക്ക് റീച്ചാര്‍ജ് ചെയ്തിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും ക്രൈംബ്രാഞ്ചിനു ലഭിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *