തൃശൂർ: വിദ്യാഭ്യാസത്തിനൊപ്പം സൻമാർഗ്ഗികബോധം കൂടി വിദ്യാർത്ഥികളെ പഠിപ്പിക്കണമെന്ന് ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈ കമ്മീഷണർ അഭിപ്രായപ്പെട്ടു. മണ്ണുത്തി ചിറക്കേക്കോട് ദി ഇൻ്റർനാഷണൽ സ്കൂൾ ഓഫ് തൃശൂരിൻ്റ ആറാം സ്ഥാപക ദിനവും അഞ്ചാമത് വാർഷിക ദിനാചരണവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഓരോ വിദ്യാർത്ഥിയും നൻമ തിരിച്ചറിയണം. സാംസ്കാരിക പൈതൃകത്തിൻ്റെയും സാഹിത്യത്തിൻ്റെയും ഭാഷയിലേയും കാര്യത്തിൽ ബംഗ്ലാദേശും ഇന്ത്യയും തമ്മിൽ ഏറെ സാമ്യമുണ്ട്. ബംഗ്ലാദേശിൻ്റെയും ഇന്ത്യയുടെയും ദേശീയ ഗാനമെഴുതിയത് ബംഗാളി കവിയായ രവീന്ദ്രനാഥ ടാഗോറാണ്. സാമൂഹ്യ പ്രതിബദ്ധതയുള്ളവരായി വിദ്യാർത്ഥികളെ വളർത്താൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം. പഠനം അവരിൽ അടിച്ചേൽപ്പിക്കരുത്. വികസന കാഴ്ചപാടോടുകൂടിയ മാനേജ്മെൻ്റിൻ്റെ അർപ്പണബോധവും കഠിനാധ്വാനമാണ് തൃശൂരിലെ ദി ഇൻ്റർനാഷണൽ സ്കൂളിനെ വളർച്ചയിലെത്തിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശരിയും തെറ്റും തിരിച്ചറിയാൻ വിദ്യാർത്ഥികൾക്ക് കഴിയണമെന്ന് ടി ഐ എസ് ടി ഗവേണിംങ് ബോർഡ് ചെയർമാൻ എം.പി ജോസഫ് പറഞ്ഞു. രക്ഷിതാക്കൾക്കൊപ്പം ഗുരുവും ഈശ്വരനു തുല്യമാണ്. ഇൻ്റർനാഷണൽ സ്കൂളിൻ്റെ പുരോഗതിക്കൊപ്പം ഈ പ്രദേശവും വികസിച്ചു കാണുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒല്ലൂർ സബ്ബ് ഡിവിഷൻ എസിപി മുഹമ്മദ് നദീം, മാടക്കത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര മോഹനൻ, വൈസ് പ്രസിഡണ്ട് സണ്ണി ചെന്നിക്കര വാർഡ് മെമ്പർ വിനീഷ് വി.ഡി, പ്രിൻസിപ്പാൾ സനു ജോസഫ്, ഡയറക്ടർമാരായ കവിത വാജ്പേയ്, ശ്രീനാഥ് ആർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.