തൃശൂര്‍: മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ബിജെപി നേടിയ വന്‍ വിജയത്തില്‍ ബിജെപി ആഹ്ലാദ പ്രകടനം നടത്തി. നഗരത്തില്‍ നടന്ന ആഹ്ലാദ പ്രകടനത്തില്‍ മുന്‍ എംപി സുരേഷ് ഗോപി പങ്കെടുത്തു. നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ അണിനിരന്നു. വാദ്യഘോഷങ്ങളോടെ ബിജെപി ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം കോര്‍പ്പറേഷന്‍ പരിസരത്തു സമാപിച്ചു. നാട്ടുകാർക്കെല്ലാം ലഡു വിതരണം ചെയ്തും പടക്കം പൊട്ടിച്ചുമാണ് പ്രവർത്തകർ സന്തോഷം പങ്കുവെച്ചത്. തൃശ്ശൂരിലെ രാജസ്ഥാൻ സമൂഹം സുരേഷ് ഗോപിയെ തലപ്പാവണിയിച്ചു വരവേറ്റു. ഹിന്ദി ഹൃദയ ഭൂമിയില്‍ വീശിയ കാറ്റ് കേരളത്തിലും ഉടന്‍ വീശുമെന്ന് സുരേഷ് ഗോപി പറഞ്ഞു. ഇത് ലോകസഭ തിരഞ്ഞെടുപ്പിന് മുന്നോടിയല്ല, ഇന്ത്യയില്‍ മുഴുവനുമുള്ള തരംഗമാണിതെന്നും സുരേഷ് ഗോപി പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ,ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍, ബിഡിജെഎസ് നേതാവ് ഉണ്ണികൃഷ്ണന്‍ തഷ്ണാത്ത്, എന്‍.ആര്‍.റോഷന്‍, ടോണി ചാക്കോള, എന്‍.പ്രസാദ്, എം. എസ്. സമ്പൂര്‍ണ്ണ, രവികുമാര്‍ ഉപ്പത്ത്, കെ.ആർ ഹരി, ജസ്റ്റിന്‍ ജേക്കബ്ബ്, രഘുനാഥ്. സി. മോനോന്‍, ബിജോയ് തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.