Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

കെ.കരുണാകരൻ്റെ സ്മൃതിമണ്ഡപത്തിൽ പുഷ്സപാർച്ചന നടത്തി സുരേഷ്‌ഗോപി

തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപി  കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കെ. കരുണാകരന്റെ മകളും ബി.ജെ.പി നേതാവുമായ  
പത്മമജയ്‌ക്കൊപ്പം പൂങ്കുന്നത്തെ മുരളീമന്ദിരം സന്ദര്‍ശിച്ചു.

കെ.കരുണാകരന്റെയും, അദ്ദേഹത്തിന്റെ  ഭാര്യ കല്യാണിക്കുട്ടിയമ്മയുടെയും സ്മൃതിമണ്ഡപത്തില്‍ സുരേഷ്‌ഗോപി പുഷ്പാര്‍ച്ചന നടത്തി.
തന്റെ  സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ലെന്നും വ്യക്തിബന്ധവും രാഷ്ട്രീയവും തമ്മില്‍ കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസിന്റെ  പിതാവായി താന്‍ കാണുന്നത് കരുണാകരനെയാണ്. അദ്ദേഹം തനിക്ക് ഗുരുതുല്യനാണ്. അദ്ദേഹത്തിന്റെ  ഭാഷയില്‍ താന്‍ മാനസപുത്രനാണ്. ആ ഗുരുത്വം നിര്‍വഹിക്കാനാണ് എത്തിയത്. അതില്‍ ചോദ്യങ്ങളും ഉത്തരങ്ങളുമില്ല.

കേരളത്തില്‍ എന്തെങ്കിലും വികസനം കൊണ്ടുവന്നിട്ടുള്ളത് കരുണാകരനാണ്. പിന്നീട് എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അത് മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ഒ. രാജഗോപാലാണെന്നും സുരേഷ് ഗോപി പറഞ്ഞു.

2019-ല്‍ താന്‍ മുരളീമന്ദിരത്തില്‍ എത്താന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ വിഭിന്ന രാഷ്ട്രീയചേരിയില്‍ ആയതിനാല്‍ പത്മജ തന്നെ നിരുത്സാഹപ്പെടുത്തി. പക്ഷെ ഇന്ന് താന്‍ ഒരു പദവിയിലുള്ള ആളാണ്. തന്റെ  സന്ദര്‍ശനത്തെ കെ. മുരളീധരനും തടയാന്‍ കഴിയില്ല. നേരത്തെ ബിജെപി പ്രവര്‍ത്തകരെ മുരളീമന്ദിരത്തില്‍ പ്രവേശിപ്പിക്കില്ലെന്ന് മുരളീധരന്‍ പറഞ്ഞിരുന്നു.

ശാരദാ ടീച്ചറിനും മുന്നേ തനിക്ക് അമ്മയായ ആളാണ് കല്യാണിക്കുട്ടിയമ്മ എന്നും അദ്ദേഹം പറഞ്ഞു. ഈ ആത്മാക്കളുടെ പ്രാര്‍ഥന തന്റെ  പ്രവര്‍ത്തനത്തിന് ബലം പകരുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞദിവസം സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഇ.കെ. നയനാരുടെ വീട്ടിലെത്തി അദ്ദേഹത്തിന്റെ  ഭാര്യ ശാരദ ടീച്ചറെ സുരേഷ് ഗോപി കണ്ടിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *