Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

WATCH VIDEO….. വിശ്വനാടകോത്സവത്തിന് നാളെ യവനിക താഴും

തൃശൂര്‍: ലോകോത്തര നാടകങ്ങളിലൂടെ സാംസ്‌കാരിക നഗരിയിലെത്തിയ കലാസ്വാദകരെ വിസ്മയിച്ചിച്ച ഇറ്റ്‌ഫോക്കിന് നാളെ സമാപനം. പിന്നിട്ട പത്തുനാളും പൂരങ്ങളുടെ നാട്ടില്‍  കലയുടെ ഉത്സവമായിരുന്നു. നഗരവീഥികളില്‍ വരയുടെ വരപ്രസാദമായി നടത്തിയ തെരുവരയില്‍ പങ്കെടുത്ത പ്രതിഭാധനരായ ചിത്രകലാകാരന്‍മാര്‍ രൂപം നല്‍കിയ ഛായാചിത്രങ്ങളിലൂടെ ഇറ്റ്‌ഫോക്കിന് പ്രൗഡമായ തുടക്കം നല്‍കി. തുടര്‍ന്ന് അരണാട്ടുകര ഡ്രാമ സ്‌കൂളിലും  , മുളങ്കുന്നത്തുകാവ് കിലയിലും ഇറ്റ്‌ഫോക്കിന് വിളംബരമെന്നോണം നാടകങ്ങളും, പരിശീലനക്കളരികളും നടത്തി.
കോവിഡ് മഹാമാരി വിതച്ച മഹാമൗനത്തിന്റെ നീണ്ട ഇടവേളക്ക് ശേഷം കേരള സംഗീത അക്കാദമിയുടെ ആതിഥേയത്വത്തില്‍ നടന്ന ഇറ്റ്‌ഫോക്ക്  സാംസ്്കാരികനഗരിയ്ക്ക് മാറ്റത്തിന്റെ ഉണര്‍ത്തുപാട്ടായി. മാനവികത ഒന്നിക്കണമെന്ന മുദ്രാവാക്യം നാടും നഗരവും ഏറ്റെടുത്തു. അരങ്ങില്‍ സംഗീത,നാടകകലയിലെ പ്രഗത്ഭരും, പ്രതിഭകളും അണിനിരന്നു. സംഗീത നിശകളും, പുത്തന്‍കലാരൂപങ്ങളും അരങ്ങേറി. വൈവിധ്യങ്ങളായ വിഷയങ്ങള്‍ അരങ്ങിലെത്തിച്ച വിശ്വോത്തര നാടകങ്ങള്‍ നാടകോത്സവവേദികളിലേക്ക് തിങ്ങിനിറഞ്ഞെത്തിയ ആസ്വാദകര്‍ക്ക്്് പുത്തനനുഭവമായി. നാടകങ്ങള്‍ കാണാനും ചര്‍ച്ചകളുടെ ഭാഗമാകാനും നിരവധി പേരാണ് ദിനം പ്രതി നാടക പരിസരത്ത് ഒത്തുച്ചേര്‍ന്നത്.

കെ ടി മുഹമ്മദ് തിയറ്റര്‍ മുറ്റത്തെ പ്രത്യേക വേദിയില്‍  നാളെ  വൈകിട്ട് 5.30ന് നടക്കുന്ന സമാപന സമ്മേളനം വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ മുഖ്യാതിഥിയാകും. പി ബാലചന്ദ്രന്‍ എംഎല്‍എ, സംഗീത നാടക അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, സംഗീത നാടക അക്കാദമി സെക്രട്ടറി കരിവള്ളൂര്‍ മുരളി, വൈസ് ചെയര്‍മാന്‍ പി ആര്‍ പുഷ്പവതി, ഫെസ്റ്റിവല്‍ ഡയറക്ടറേറ്റ് അംഗങ്ങളായ അനുരാധ കപൂര്‍, ബി അനന്തകൃഷ്ണന്‍, ദീപന്‍ ശിവരാമന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

റോയ്സ്റ്റണ്‍ ആബേല്‍ ചിട്ടപ്പെടുത്തിയ മാന്ത്രിക സംഗീതം മംഗനിയാര്‍ സെഡക്ഷനോടെയാണ് നാടകദിനത്തിന് സമാപനം കുറിക്കുന്നത്. പവലിയന്‍ തിയേറ്ററില്‍ ഇന്ന് രാത്രി 8.45ന് മംഗനിയാര്‍ സംഗീതം ആരാധകര്‍ക്ക് മുന്നിലെത്തും. ചുവന്ന നിറമുള്ള 36 ക്യുബിക്കിള്‍ 43 സംഗീതജ്ഞര്‍  പവലിയന്‍ തിയേറ്ററില്‍ മാന്ത്രിക സംഗീതനിശ തീര്‍ക്കും. സംഗീതത്തോടൊപ്പം വാദ്യോപകരണങ്ങളും ശബ്ദത്തിന്റെ നാടകീയതയും സമന്വയിക്കുമ്പോഴുണ്ടാകുന്ന മാന്ത്രികതയാണ് മംഗനിയാര്‍ സെഡക്ഷന്റെ പ്രത്യേകത.

രാജസ്ഥാനിലെ ജയ്സാല്‍മീര്‍ , ബാര്‍മര്‍ ,ജോധ്പൂര്‍ ജില്ലകളില്‍ താമസിച്ചു വരുന്ന മുസ്ലീം സംഗീതജ്ഞരുടെ ഒരു വിഭാഗമാണ് മംഗനിയാര്‍. 33 രാജ്യങ്ങളില്‍  മികച്ച പ്രകടനം കാഴ്ചവച്ച ബാന്റ് കൂടിയാണിത്. 2006ല്‍ ഡല്‍ഹിയില്‍ നടന്ന ചലച്ചിത്രോത്സവത്തിലാണ് മാംഗനിയാര്‍ ആദ്യമായി അവതരിപ്പിച്ചത്.

ചാരത്തില്‍ നിന്ന് തുറന്ന ആകാശത്തിലേക്ക് എന്ന അര്‍ത്ഥമുള്ള  കത്തിയെരിഞ്ഞ പഴയ കൂത്തമ്പലമായ ഫാവോസ്  തീയേറ്റര്‍ ഉള്‍പ്പെടെ ഏഴ് വേദികളാണ് കലയുടെ കളിവിളക്ക് തെളിഞ്ഞത്.  അന്തര്‍ദേശീയ നാടകോത്സവത്തിന് ചുക്കാന്‍ പിടിച്ച  നടന്‍  മുരളിയുടെ പേരിലുള്ള ആക്ടര്‍ മുരളി തിയറ്റര്‍, ബ്ലാക്ക് ബോക്സ്, കെ ടി മുഹമ്മദ് തീയേറ്റര്‍, പവലിയന്‍, ആര്‍ട്ടിസ്റ്റ് സുജാതന്‍ സീനിക് ഗ്യാലറി എന്നിവയായിരുന്നു മറ്റ് വേദികള്‍.

Leave a Comment

Your email address will not be published. Required fields are marked *