തൃശൂര്‍: ഇത്തവണ നാലോണത്തിന് മുന്നേ നഗരത്തില്‍ ‘പുലി’ യിറങ്ങി. മുന്‍വര്‍ഷത്തെ ടൂറിസം വകുപ്പിന്റെ ഫണ്ട് ഉടന്‍ നല്‍കണമെന്നാവശ്യപ്പെട്ട്’പുലി’ വേഷം കെട്ടിയ ഏറവ് സ്വദേശി ബാലചന്ദ്രന്‍ ടൂറിസം സെക്രട്ടറിക്ക് നിവേദനം നല്‍കിയതും പുതുമയായി. നിവേദനം നല്‍കിയ ശേഷം ടൂറിസം വകുപ്പിന്റെ ഓഫീസില്‍ നിന്ന് വാദ്യഘോഷത്തിന്റെ അകമ്പടിയോടെ സ്വരാജ് റൗണ്ട് ചുറ്റിയ പുലിക്കളി സംഘം കോര്‍പറേഷന്റെ മുന്‍വശത്തെത്തി. ഈസമയത്തായിരുന്നു അപ്രതീക്ഷിതമായി മേയര്‍ എം.കെ.വര്‍ഗീസിന്റെ വരവ്. പുലിക്കളിയുടെ താളത്തിനൊപ്പം മേയറും, ഡെപ്യൂട്ടി മേയര്‍ എം.എല്‍.റോസിയും ചുവടുവെച്ചു.
ശക്തന്‍നഗര്‍ ഗോള്‍ഡന്‍ മാര്‍ക്കറ്റില്‍ വെച്ച് പുലിക്കളിയുടെ മെയ്യെഴുത്തും നടത്തി. 11 മാസം കഴിഞ്ഞിട്ടും ടൂറിസം വകുപ്പ് ധനസഹായം നല്‍കാതെ പുലിക്കളി എന്ന തൃശൂരിന്റെ തനതായ കലാരൂപത്തെ അവഗണിക്കുകയാണെന്ന് ശക്തന്‍ പുലിക്കളി സംഘം സെകട്ടറി അഡ്വ.ബേബി.പി.ആന്റണി പറഞ്ഞു. എം.കെ.പ്രകാശന്‍, സജീവ് കുട്ടന്‍കുളങ്ങര, സുഭാഷ് ആലപ്പാട്ട്, കെ.വി.കുട്ടപ്പന്‍, ടിജോ.കെ.ടി, രഘു കാനാട്ടുകര, ജിമ്മി, ജയകൃഷ്ണന്‍, ഡേവിസ്.വി.എസ്. രമേഷ് എന്നിവര്‍ നേതൃത്വം നല്‍കി.