തൃശൂരില്‍ 7 ദാതാക്കളെ പറ്റിച്ചു, അന്വേഷണത്തിന് എന്‍.ഐ.എ
തൃശൂര്‍: അവയവക്കടത്തിന്റെ റാക്കറ്റ് തൃശൂരിലും സജീവം. ചാവക്കാടുമായി ബന്ധപ്പെട്ട തീരദേശമേഖലയിലുള്ളവരാണ് വഞ്ചിക്കപ്പെട്ടത്. തൃശൂരിലെ ചില സ്വകാര്യ ആശുപത്രികള്‍ കേന്ദ്രീകരിച്ചും ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.
പാവറട്ടി മുല്ലശ്ശേരിയില് ഏഴുപേരാണ് അവയവദാന റാക്കറ്റിന്റെ വഞ്ചനയില്‍ കുടുങ്ങിയത്. ഏഴു അവയവദാതാക്കളെയും തുച്ഛമായ തുക നല്കി പറ്റിച്ചു. ദാരിദ്ര്യം ചൂഷണം ചെയ്താണ് ഇവരെ പറ്റിച്ചത്. തീരദേശത്ത് കൂടുതല്‍ പേര് തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും സൂചനയുണ്ട്. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന്്് സാന്ത്വനം എന്ന സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. അവയവക്കടത്തിനായി ഇടനിലക്കാര്‍ സജീവമായി രംഗത്തുണ്ടെന്ന് സംഘടന ആരോഗ്യവകുപ്പിന് നല്കിയ പരാതിയില്‍ പറയുന്നു.
പ്രതി സാബത്തിന് നാല് ബാങ്ക് അക്കൗണ്ട് ഉണ്ട്. വ്യത്യസ്ത വിലാസങ്ങളിലായാണ് തൃശൂരില്‍ നാല് ബാങ്ക് അക്കൗണ്ട് എടുത്തിരുന്നത്. സുഹൃത്തുക്കള്‍ വഴിയാണ് അവയവക്കച്ചവടത്തിന്റെ പണം സബിത്തിലേക്ക് എത്തിയിരുന്നത്. ഇവരെയും കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
അവയവക്കടത്ത് സംഘത്തിലെ പ്രധാനി ഹൈദരാബാദിലെ ഡോക്ടറെന്ന് പിടിയിലായ പ്രതി സബിത്ത് നാസറിന്റെ മൊഴി. ഇന്ത്യയില്‍ പല ഏജന്റുമാര്‍ ഉണ്ട് അവരെ നിയന്ത്രിക്കുന്നത് ഹൈദരാബാദിലെ ഡോക്ടറാണ്. എന്നാല്‍ ഈ മൊഴി അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. താന്‍ ആ ഡോക്ടറെ കണ്ടിട്ടില്ലെന്ന് സബിത് പറയുന്നു.
സബിത്തിനെ കസ്റ്റഡിയില്‍ ലഭിച്ചശേഷമായിരിക്കും സുഹൃത്തുക്കളെ കസ്റ്റഡിയിലെടുക്കുക. ഇവരെ ഇപ്പോള്‍ നിരീക്ഷിച്ച് വരികയാണ്. പ്രതിയില്‍ നിന്ന് നാല് പാസ്പോര്‍ട്ട് പൊലീസ് കണ്ടെത്തി. പ്രതിയുടെ കസ്റ്റഡി അപേക്ഷയില്‍ ഇന്ന് കോടതി വിധി പറയും. കേസ് എന്‍.ഐ.എ ഏറ്റെടുക്കാനും സാധ്യതയുണ്ട്. കേസിനായി എറണാകുളം റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. അവയവം നഷ്ടമായവരെ കണ്ടെത്താനും പോലീസ് അന്വേഷണം ആരംഭിച്ചു.