തൃശൂര്‍: ഇറ്റ്‌ഫോക്കിന്റെ വേദിയില്‍ അരങ്ങേറിയ കാസ്റ്റലൂച്ചിയുടെ ‘ദി തേര്‍ഡ് റൈഹ്’ കാണികള്‍ക്ക് ആശയവിനിമയത്തിന്റെ പുതുരൂപമായി. ഒരു സെക്കന്‍ഡില്‍ മിന്നിമായുന്ന വാക്കുകള്‍ ദൃശ്യമാകും, കാണിക്ക് ഓരോ പദത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ ആണ് ഇന്‍സ്റ്റല്ലേഷന്‍. ഇത് നമ്മുടെ കാഴ്ചയെ പരിമിതപ്പെടുത്തുന്നു, മാനസിക നിയന്ത്രണം തെറ്റിക്കുന്നു.
നാസി ജര്‍മനിയെ പറ്റി വിക്ടര്‍ ക്ലെംപെറര്‍ എഴുതിയ പുസ്തകത്തില്‍ നിന്നാണ് ഇന്‍സ്റ്റല്ലേഷന്‍ ഷോ ആരംഭിക്കുന്നത്. നാസികള്‍ എങ്ങനെയാണ് ഫാസിസത്തിന്റെ ഭാഷയെ ആസൂത്രിതമായി ദൈനംദിന ജര്‍മ്മന്‍ ഭാഷയിലേക്ക് നയിച്ചതെന്ന് ക്ലെമ്പറര്‍ പരിശോധിക്കുന്നതിന്റെ ഒരു വീഡിയോ ഇന്‍സ്റ്റാളേഷന്‍ രൂപമാണ് അവതരിപ്പിക്കുന്നത്. ‘തേര്‍ഡ് റൈഹ്’ എന്നത് അടിച്ചേല്‍പ്പിക്കപ്പെട്ട ആശയവിനിമയത്തിന്റെ പ്രതിച്ഛായയാണ്. ഇറ്റാലിയന്‍ നിഘണ്ടുവിലെ മുഴുവന്‍ നാമങ്ങളും ഒരു ഭീമന്‍ സ്‌ക്രീനില്‍ പ്രൊജക്റ്റ് ചെയ്യുന്നു.