തൃശൂര്‍: അതുല്‍ കുമാര്‍ സംവിധാനം ചെയ്ത ടേക്കിങ്ങ് സൈഡ്സ് എന്ന നാടകത്തിലൂടെ ദേശീയ നാടകങ്ങള്‍ക്ക് കെ ടി മുഹമ്മദ് തിയറ്ററില്‍ തുടക്കമായി. ഇന്ത്യന്‍ അടിയന്തരാവസ്ഥ കാലഘട്ടത്തിലെ അഞ്ച് സ്ത്രീ കഥാപാത്രങ്ങളിലൂടെ അരങ്ങിലെത്തിച്ച കെ എസ് പ്രതാപന്റെ നിലവിളികള്‍ മര്‍മ്മരങ്ങള്‍ ആക്രോശങ്ങള്‍ എന്ന നാടകത്തിലൂടെ ബ്ലാക്ക് ബോക്സ് തിയേറ്ററില്‍ മലയാള നാടകങ്ങള്‍ക്ക് തുടക്കമായി. അന്തര്‍ദേശീയ നാടകോത്സവത്തിന് ചുക്കാന്‍ പിടിച്ച നടന്‍ മുരളിയുടെ പേരിലുള്ള ആക്ടര്‍ മുരളി തിയറ്ററും ആദ്യ ദിനത്തില്‍ ഇറ്റ്ഫോക്കിന് അരങ്ങായി. ദക്ഷിണാഫ്രിക്കയിലെ സാമൂഹിക-രാഷ്ട്രീയ പ്രശ്നങ്ങള്‍ ആഴത്തില്‍ ചര്‍ച്ച ചെയ്ത ബ്രെറ്റ് ബെയ്ലിയുടെ സാംസണ്‍ നാടകത്തോടെയാണ് അന്തര്‍ദേശീയ നാടകങ്ങള്‍ക്ക് തിരശീല ഉയര്‍ന്നത്. വംശീയ പ്രശ്നങ്ങള്‍, കൊളോണിയലിസത്തിന്റെ ഭീകരതകള്‍ തുടങ്ങി രാജ്യത്തെ ഇപ്പോഴും വേട്ടയാടുന്ന പ്രശ്നങ്ങള്‍ ആഴത്തില്‍ പറഞ്ഞ സാംസണ്‍ ആദ്യദിനം ആസ്വാദകരെ ആകര്‍ഷിച്ചു.