തൃശൂര്‍: തൃശൂര്‍ പൂരം കലക്കല്‍ സംഭവത്തില്‍ പ്രത്യേക അന്വേഷണസംഘം റവന്യൂമന്ത്രി കെ.രാജന്റെ മൊഴിയെടുക്കും. എഡിജിപി എം.ആര്‍.അജിത്കുമാറിന്റെ വീഴ്ചയെ സംബന്ധിച്ച അന്വേഷണത്തിലാണ് മന്ത്രി രാജന്റെ മൊഴിയെടുക്കുക. നിയമസഭാ സമ്മേളനത്തിന് ശേഷം മന്ത്രി രാജന്റെ മൊഴിയെടുക്കും. മന്ത്രി രാജന്റെ മൊഴിയെടുത്തതിന് ശേഷം എ.ഡി.ജി.പി അജിത്കുമാറിനെ ചോദ്യം ചെയ്യും. മൊഴി നല്‍കാന്‍ പ്രയാസമില്ലെന്നും, സന്തോഷം മാത്രമെന്നും മന്ത്രി രാജന്‍ പറഞ്ഞു. അന്വേഷണം ഇഴയുകയാണെന്ന് തോന്നുന്നില്ലെന്നും മന്ത്രി രാജന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
പൂരം കലക്കല്‍ സംഭവത്തില്‍ ത്രിതല അന്വേഷണമാണ് നടക്കുന്നത്. പൂരം നിര്‍ത്തിവെയ്‌ക്കേണ്ടി വന്ന സംഭവത്തില്‍ ഇടപെടുന്നതില്‍ വകുപ്പുകള്‍ തമ്മില്‍ ഏകോപനം ഉണ്ടായില്ലെന്ന ആക്ഷേപത്തില്‍ അന്വേഷണം പൂര്‍ത്തിയായി. ഏകോപനം ഉണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ടാണ് എ.ഡി.ജി.പി മനോജ് എബ്രഹാം സമര്‍പ്പിച്ചിരിക്കുന്നത്.
പൂരം കലക്കല്‍ സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണവും, ഡി.ജി.പി ദര്‍വേസ് സാഹിബ് നടത്തുന്ന അന്വേഷണവും അഞ്ച് മാസമായി ഇഴഞ്ഞുനീങ്ങുന്നതായി പരാതിയുണ്ട്. എ.ഡി.ജി.പി എം.ആര്‍.അജിത്കുമാറിന് വ്യക്തിപരമായി വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന കാര്യത്തിലാണ് ഡി.ജി.പി നേരിട്ട് അന്വേഷണം നടത്തുന്നത്. പൂരം കലക്കലില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന കാര്യത്തില്‍ നടത്തുന്ന ക്രൈം ബ്രാഞ്ചിന്റെ അന്വേഷണവും അനിശ്ചിതമായി നീണ്ടുപോകുന്നു.
തൃശൂര്‍ പൂരം കലക്കലിലെ പൊലീസ് ഇടപെടലിനെ തൃശൂരിലെ സി.പി.ഐ നേതൃത്വം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ ത്രിതല അന്വേഷണം പ്രഖ്യാപിച്ചത്. അഞ്ച് മാസം മുന്‍പാണ് മുഖ്യമന്ത്രി ത്രിതല അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണം ഇഴയുന്നു എന്നതടക്കമുള്ള ആരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണിപ്പോള്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
അന്വേഷണ ഉദ്യോഗസ്ഥര്‍ മൊഴിയെടുപ്പിനായി സമയം തേടിയപ്പോള്‍ നിയമസഭാ സമ്മേളനം കഴിഞ്ഞ് മൊഴി നല്‍കാമെന്ന് മന്ത്രി അറിയിക്കുകയായിരുന്നു.