Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

എം.ടിക്ക് അന്ത്യാജ്ഞലി

കോഴിക്കോട്: കേരളത്തിലെ സാഹിത്യനഗരമായ കോഴിക്കോട്ടു നിന്ന് എം.ടി. അരങ്ങൊഴിഞ്ഞു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലായിരുന്നു എം.ടി. വാസുദേവന്‍ നായരുടെ (91) അന്ത്യം.
എം.ടിയുടെ വസതിയായ സിതാരയിലേക്ക് അന്ത്യാഞ്ജലിയാര്‍പ്പിക്കാന്‍ വന്‍ ജനാവലിയെത്തുന്നു. വൈകുന്നേരം അഞ്ചിന് കോഴിക്കോട് മാവൂര്‍ റോഡിലെ ശ്മശാനത്തിലാണ് സംസ്‌കാരം.

ഡിസംബര്‍ 15നാണ് ശ്വസന, ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നു എം.ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

ടി. നാരായണന്‍ നായരുടെയും അമ്മാളു അമ്മയുടെയും മകനായി 1933 ജൂലൈ 15ന് കൂടല്ലൂരിലാണ് എം.ടി ജനിച്ചത്. മലമക്കാവ് എലിമെന്ററി സ്‌കൂള്‍, കുമരനെല്ലൂര്‍ ഹൈസ്‌ക്കൂള്‍, പാലക്കാട് ഗവണ്‍മെന്റ് വിക്ടോറിയ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. അധ്യാപകനായി ഔദ്യോഗിക ജീവിതമാരംഭിച്ചു.

നോവലിസ്റ്റ്, ചെറുകഥാകൃത്ത്, തിരക്കഥാരചയിതാവ്, ചലച്ചിത്രസംവിധായകന്‍, പത്രാധിപര്‍ എന്നീ നിലകളില്‍ എം.ടി.തിളങ്ങി ആദ്യത്തെ കഥ 1948-ല്‍ പ്രസിദ്ധപ്പെടുത്തി. മലയാളകഥാ- നോവല്‍ സാഹിത്യരംഗത്തു തനതായ ഒരു മാര്‍ഗംതുറന്ന എം.ടിയുടെ രചനകള്‍ സാമൂഹിക ബന്ധങ്ങളിലെ പൊരുത്തക്കേടുകളും തകര്‍ച്ചകളും ദുരന്തങ്ങളും ചിത്രീകരിക്കുന്നവയാണ്.

കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ച നാലുകെട്ട് (നോവല്‍), കിളിവാതിലിലൂടെ (ഉപന്യാസം), ഗോപുരനടയില്‍ (നാടകം), കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കാലം, വയലാര്‍ അവാര്‍ഡ് നേടിയ രണ്ടാമൂഴം, ഓടക്കുഴല്‍ അവാര്‍ഡ് നേടിയ വാനപ്രസ്ഥം, അസുരവിത്ത്, വിലാപയാത്ര, മഞ്ഞ്, പാതിരാവും പകല്‍വെളിച്ചവും, ആള്‍ക്കൂട്ടത്തില്‍ തനിയെ, മനുഷ്യര്‍ നിഴലുകള്‍ തുടങ്ങിയവയാണ് മുഖ്യകൃതികള്‍. കൃതികള്‍ പലതും ഇന്ത്യന്‍ഭാഷകളിലും വിദേശഭാഷകളിലും പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്.

നിര്‍മാല്യം, ബന്ധനം, വാരിക്കുഴി, മഞ്ഞ്, കടവ് എന്നീ ചിത്രങ്ങള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്തു. ഇരുട്ടിന്റെ ആത്മാവ്, നഗരമേ നന്ദി, വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍, പഞ്ചാഗ്‌നി, ഒരു വടക്കന്‍ വീരഗാഥ, ഓളവും തീരവും തുടങ്ങി അനേകം ചലച്ചിത്രങ്ങള്‍ക്കു തിരക്കഥയെഴുതി.

കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ്, പൂനെയിലെ ഫിലിം ആന്‍ഡ് ടിവി ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേണിംഗ് ബോഡി എന്നിവയില്‍ അംഗമായിരുന്ന എം.ടി ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിസിറ്റിംഗ് പ്രഫസറുമായിരുന്നു. കാലിക്കറ്റ് സര്‍വകലാശാലയുടെയും മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെയും നേതാജി സുഭാഷ് ഓപ്പണ്‍ സര്‍വകലാശാല യുടേയും ഓണററി ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്.

ഓളവും തീരവും, നിര്‍മാല്യം, പഞ്ചാഗ്‌നി, നഖക്ഷതങ്ങള്‍, ഒരു വടക്കന്‍ വീരഗാഥ, പെരുന്തച്ചന്‍, കടവ്, പരിണയം, ദയ, പഴശ്ശിരാജ എന്നീ സിനിമകള്‍ മികച്ച തിരക്കഥകള്‍ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടി.

ഓപ്പോള്‍, അനുബന്ധം, ആരൂഢം, സുകൃതം എന്നീ സിനിമകള്‍ക്കു മികച്ച കഥയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. നിര്‍മാല്യത്തിനു മികച്ച ചിത്രത്തിനും മികച്ച സംവിധായകനുമുള്ള സംസ്ഥാനപുരസ്‌കാരം ലഭിച്ചു

Leave a Comment

Your email address will not be published. Required fields are marked *