തൃശൂര്‍: 300 കോടി ചിലവില്‍ നവീകരിക്കുന്ന തൃശൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍
കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് സന്ദര്‍ശനം നടത്തി. വികസനപദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് അദ്ദേഹം ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. തൃശൂര്‍ റെയില്‍വെ സ്റ്റേഷന്‍ വികസനം വേഗത്തില്‍ പൂര്‍ത്തികരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സാങ്കേതിക തടസ്സങ്ങള്‍ പരിഹരിച്ചാല്‍ കെ-റെയില്‍ പദ്ധതി നടപ്പിലാക്കാന്‍ റെയില്‍വേ സന്നദ്ധമാണെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
.’ആദ്യം ഉണ്ടാകേണ്ടത് സാങ്കേതികവും പാരിസ്ഥിതികവുമായ പ്രശ്‌നത്തിനുള്ള പരിഹാരമാണ്. സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് മുന്നോട്ട് പോകണം എന്നതാണ് കേന്ദ്രത്തിന്റെ നിലപാട്. ഇന്ന് സമര്‍പ്പിക്കപ്പെട്ട പദ്ധതി രേഖയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം’- കേന്ദ്രമന്ത്രി വ്യക്തമാക്കി.
ബംഗളൂരു മുതല്‍ ഷൊര്‍ണൂര്‍ വരെ നാലുവരി പാതയും ഷൊര്‍ണൂര്‍ മുതല്‍ എറണാകുളം വരെ മൂന്ന് വരി പാതയും സ്ഥാപിക്കുമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. എറണാകുളം മുതല്‍ കോട്ടയം വഴി തിരുവനന്തപുരത്തേയ്ക്ക് മൂന്ന് ലൈനുകള്‍ സ്ഥാപിക്കും. അതിനുള്ള സ്ഥലം ഏറ്റെടുത്ത് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. കേരളത്തിലെ 35 റെയില്‍വേ സ്റ്റേഷനുകള്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.
ശബരി റെയില്‍ പാതയുമായി ബന്ധപ്പെട്ട് ചില നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കൈമാറിയിരുന്നു. കേരള സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കുന്നതിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ റെയില്‍വേയും സര്‍ക്കാരും തമ്മിലുണ്ടാക്കിയ കരാറിന് സമാനമായി കേരളത്തിലും കരാര്‍ ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു