തൃശൂര്‍: മേയര്‍ക്ക് എതിരു നില്‍ക്കുന്നത് ആരാണെന്ന് ജനങ്ങള്‍ക്ക് അറിയാമെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. എതിര് നില്‍ക്കുന്നവരെ നിങ്ങള്‍ക്ക് അറിയാമെന്നും, അവരെ നിങ്ങള്‍ ജനാധിപത്യ രീതിയില്‍ കൈകാര്യം ചെയ്യാല്‍ മതിയെന്നും അദ്ദേഹം തുറന്നടിച്ചു.
ജനങ്ങള്‍ക്ക് വേണ്ടി തന്റെ ഫണ്ട് വിനിയോഗിച്ച മേയറെ ആദരിക്കാനും സ്‌നേഹിക്കാനും മാത്രമാണ് തോന്നുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അയ്യന്തോള്‍ കാര്‍ത്ത്യായനി ക്ഷേത്രം റോഡില്‍ ആയുഷ്മാന്‍ ആരോഗ്യമന്ദിറിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
മേയറുടെ രാഷ്ട്രീയം പൂര്‍ണ്ണമായും വേറെയാണ്. അതിനെ ഞാന്‍ ബഹുമാനിക്കുന്നുമുണ്ടെന്നും സുരേഷ്‌ഗോപി പറഞ്ഞു.
രാജ്യവ്യാപകമായി ഗ്രാമങ്ങള്‍ തോറും പനി ക്ലിനിക്കുകള്‍ തുടങ്ങുകയെന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഗ്രഹമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘വലിയ പ്രതീക്ഷയോടെയാണ് ജനം സുരേഷ് ഗോപിയെ കാണുന്നത്. മന്ത്രിയായ ശേഷം വലിയ പദ്ധതികള്‍ കൊണ്ടുവരണമെന്നാണ് അഭ്യര്‍ത്ഥിക്കുന്നത്. വലിയ സംരംഭങ്ങള്‍ അദ്ദേഹത്തിന്റെ മനസ്സിലുണ്ട്. മേയര്‍ എം.കെ. വര്‍ഗീസ് പറഞ്ഞു.