ഇപ്പോൾ 31 വയസ്സുള്ള കിരൺ 41 വയസ്സ് വരെ അഴിക്കുള്ളിൽ കഴിയേണ്ടിവരും.
കൊച്ചി: സ്ത്രീധന നിരോധന നിയമപ്രകാരവും IPC 304 B, IPC 306 പ്രകാരം ആത്മഹത്യാപ്രേരണ കുറ്റത്തിനും വിസ്മയ സ്ത്രീധനപീഡന – ആത്മഹത്യാ പ്രോരണ കേസിലും മറ്റ് മുന്ന് അനുബന്ധ വകുപ്പുകളിലും ഭർത്താവും മുൻ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുമായ എസ്. കിരൺ കുമാറിന് ആകെ 25 വർഷം തടവും 12,55000 രൂപ പിഴയും.
വിസ്മയയുടെ ആത്മഹത്യ കഴിഞ്ഞ 11 മാസത്തിനുള്ളിലാണ് കോടതി വിധി വന്നിരിക്കുന്നത്. ഇപ്പോൾ 31 വയസ്സുള്ള കിരൺ 41 വയസ്സ് വരെ അഴിക്കുള്ളിൽ കഴിയേണ്ടിവരും. കേസിൽ പ്രതിയായതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് കഴിഞ്ഞ വർഷം ആഗസ്റ്റിൽ കിരണിനെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. എന്നാൽ മൊത്തം പത്തു വർഷം തടവ് ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് കോടതി പറഞ്ഞു. ശിക്ഷ കുറഞ്ഞുപോയെന്നും മേൽക്കോടതിയെ സമീപിക്കുമെന്നും വിസ്മയയുടെ അമ്മ സജിത പറഞ്ഞു.
ശിക്ഷയിൽ സംതൃപ്തനാണെനും കിരന്റെ അച്ഛനും അമ്മയും സഹോദരീ ഭർത്താവും ഈ കേസിൽ കുറ്റവാളികൾ ആണെന്നും അവർക്ക് ശിക്ഷ വാങ്ങി കൊടുക്കുന്നത് വരെ നിയമ പോരാട്ടം തുടരുമെന്നും വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ നായർ പറഞ്ഞു. കൊല്ലം അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ആണ് ശിക്ഷ വിധിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരോടും പ്രോസിക്യൂഷനോടും അദ്ദേഹം നന്ദി പറഞ്ഞു. ഓട്ടോമാറ്റിക് കോൾ റെക്കോർഡിങ് ഉള്ള കിരണിന്റെ മൊബൈൽ ഫോൺ കേസിൽ നിർണായക തെളിവായി പ്രോസിക്യൂഷൻ കോടതിയിൽ അവതരിപ്പിച്ചു.
കിരൺ അറിയാതെ തന്നെ വിസ്മയയുടെ മാതാപിതാക്കളുമായും മറ്റുള്ളവരുമായുള്ള സംഭാഷണങ്ങൾ മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്യപ്പെട്ടിരുന്നു. ഇത് ചുമത്തിയ കുറ്റങ്ങൾക്ക് തെളിവായി പ്രോസിക്യൂഷൻ കോടതിയിൽ അവതരിപ്പിച്ചു. ഈ ഫോണിൽ നിന്ന് നാല് ലക്ഷത്തിനു മുകളിലുള്ള ഫയലുകൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചു.
സ്ത്രീധന പീഡന കേസുകളിൽ മൂന്ന് ശതമാനം മാത്രമാണ് ഇന്ത്യയിൽ ശിക്ഷ ലഭിക്കുന്നത്. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് ഇന്ത്യയിൽ ഒരു ദിവസം 20 സ്ത്രീകൾ ആത്മഹത്യ ചെയ്യുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നുണ്ട്. പെൺകുട്ടികളെ സ്വന്തം കാലിൽ നിൽക്കത്തക്ക രീതിയിൽ വിദ്യാഭ്യാസം നൽകുകയാണ് വേണ്ടതെന്നും അവരെ വേഗം വിവാഹം കഴിപ്പിക്കുകയല്ല വേണ്ടതെന്നും വിസ്മയയുടെ അച്ഛൻ ഇന്നലെ കിരണിനെ കോടതി കുറ്റക്കാരനായി കണ്ടെത്തിയ വേളയിൽ പ്രതികരിച്ചിരുന്നു.
ആകാംക്ഷയോടെ വിധികേട്ട് കേരളം
രാവിലെ 11 മണിയോടെയാണ് കോടതി നടപടികള്‍ ആരംഭിച്ചത്. ശിക്ഷ വിധിക്കുന്നതിന് പ്രതിയായ കിരണ്‍കുമാറിനെ എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചു. അച്ഛനും അമ്മയ്ക്കും സുഖമില്ല. അച്ഛന് ഓര്‍മക്കുറവുണ്ട്, അതിനാല്‍ അപകടമുണ്ടാകാന്‍ സാധ്യതയുണ്ട്. കുടുംബത്തിന്റെ ഏക ആശ്രയം താനാണെന്നും തന്റെ പ്രായം പരിഗണിക്കണമെന്നും കിരണ്‍ കോടതിയില്‍ പറഞ്ഞു. കിരണിന് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും മറ്റു കേസുകളില്‍ മുമ്പ് ഉള്‍പ്പെട്ടിട്ടില്ലെന്നും പ്രതിഭാഗവും കഴിഞ്ഞദിവസം കോടതിയില്‍ പറഞ്ഞിരുന്നു. അച്ഛനും അമ്മയും പ്രായമേറിയവരാണെന്നും പ്രതിഭാഗം കോടതിയെ അറിയിക്കുകയും ചെയ്തു. ഇതേകാര്യങ്ങള്‍ തന്നെയാണ് കിരണും കോടതിയില്‍ ആവര്‍ത്തിച്ചത്.
അതേസമയം, ഇത് ഒരു വ്യക്തിക്കെതിരേയുള്ള കേസല്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. സ്ത്രീധനമെന്ന സാമൂഹികവിപത്തിനെതിരേയുള്ള കേസാണ്. സ്ത്രീധനം വാങ്ങിയ പ്രതി ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ കൂടിയാണ്. സ്ത്രീധനത്തിന് വേണ്ടി മാത്രമാണ് പ്രതി ഭാര്യയെ ഉപദ്രവിച്ചത്. വിസ്മയയുടെ ആത്മഹത്യ കൊലപാതകത്തിന് തുല്യമാണെന്നും അതിനാല്‍ ശിക്ഷാവിധി മാതൃകാപരമാകണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കേസില്‍ കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. സ്ത്രീധനപീഡനം (ഐ.പി.സി. 304ബി), ആത്മഹത്യാപ്രേരണ (306), ഗാര്‍ഹികപീഡനം (498 എ) എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരേ തെളിഞ്ഞത്. ഇതോടെ മുന്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ ഇയാളെ ജാമ്യം റദ്ദാക്കി ജയിലിലേക്കയക്കുകയും ചെയ്തു.
പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി.മോഹന്‍രാജ്, അഭിഭാഷകരായ നീരാവില്‍ എസ്.അനില്‍കുമാര്‍, ബി.അഖില്‍ എന്നിവരാണ് ഹാജരായത്. ശാസ്താംകോട്ട ഡിവൈ.എസ്.പി. പി.രാജ്കുമാറാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. കൊല്ലം പോരുവഴിയിലെ ഭര്‍ത്തൃവീട്ടില്‍ കഴിഞ്ഞ ജൂണ്‍ 21നാണ് വിസ്മയയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്ത്രീധനമായി നല്‍കിയ കാറില്‍ തൃപ്തനല്ലാത്തതിനാലും വാഗ്ദാനംചെയ്ത സ്വര്‍ണം ലഭിക്കാത്തതിനാലും ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടര്‍ന്ന് വിസ്മയ ജീവനൊടുക്കിയെന്നാണ് കേസ്. വിചാരണ നാലുമാസം നീണ്ടു. കിരണ്‍കുമാറിന്റെ ഫോണില്‍ റെക്കോഡ് ചെയ്തിരുന്ന സംഭാഷണങ്ങള്‍ സൈബര്‍ പരിശോധനയിലൂടെ വീണ്ടെടുത്തു. ഈ സംഭാഷണങ്ങള്‍ കോടതിയില്‍ തെളിവായി ഹാജരാക്കി. പ്രോസിക്യൂഷന്‍ 41 സാക്ഷികളെ വിസ്തരിച്ചു.118 രേഖകളും 12 തൊണ്ടിമുതലുകളും കോടതിയില്‍ സമര്‍പ്പിച്ചു. പ്രതിയുടെ പിതാവ് സദാശിവന്‍ പിള്ള, സഹോദരപുത്രന്‍ അനില്‍കുമാര്‍, ഭാര്യ ബിന്ദുകുമാരി, സഹോദരി കീര്‍ത്തി, ഭര്‍ത്താവ് മുകേഷ് എം.നായര്‍ എന്നീ സാക്ഷികള്‍ വിസ്താരത്തിനിടെ കൂറുമാറിയിരുന്നു.