തൃപ്പൂണിത്തുറ: മൂന്ന് മീറ്റര്‍ അകലത്തില്‍ ആനകളെ എഴുന്നള്ളിച്ച് തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവം തുടങ്ങി. ഹൈക്കോടതി മാര്‍ഗനിര്‍ദേശമനുസരിച്ചാണ് ക്ഷേത്രത്തിലെ ആന എഴുന്നളളത്ത് നടത്തുന്നത്. 15 ആനകളാണ് ശീവേലിക്ക് അണിനിരന്നത്. ഈ 15 ആനകളേയും മൂന്ന് മീറ്റര്‍ അകലത്തില്‍ നിര്‍ത്താന്‍ വനംവകുപ്പ് സ്ഥലത്തെത്തി മാര്‍ക്ക് ചെയ്തിരുന്നു.
മുന്‍വര്‍ഷങ്ങളിലും ശീവേലിക്ക് 15 ആനകളാണ് അണിനിരന്നിരുന്നത്. എന്നാല്‍ ക്ഷേത്രത്തിന് മുന്നിലെ ആനക്കൊട്ടിലിലാണ് അന്ന് ആനകളെ നിര്‍ത്തിയിരുന്നത്. ഏതാണ്ട് 23 മീറ്റര്‍ വീതിയുള്ള ഈ അനക്കൊട്ടിലില്‍ ഹൈക്കോടതിയുടെ മാര്‍ഗരേഖ പാലിക്കുകയാണെങ്കില്‍ പരമാവധി നാല് ആനകളെ മാത്രമേ എഴുന്നള്ളിക്കാന്‍ സാധിക്കൂ.
അതിനാല്‍ തന്നെ ക്ഷേത്രത്തിന്റെ വടക്കേ മതില്‍ക്കെട്ട് വരെ ആനകളെ എഴുന്നള്ളിക്കാമെന്നാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് കൊട്ടിലില്‍ രണ്ട് വരിയായി നിര്‍ത്തി ദൂരപരിധി പാലിച്ച് എഴുന്നള്ളിപ്പ് നടത്തുകയായിരുന്നു.
ഡിസംബര്‍ ആറിന് ആറാട്ടോടെയാണ് ഉത്സവത്തിന് സമാപനമാവുക. അത് വരെ എല്ലാ ദിവസവും 15 ആനപ്പുറത്ത് ശീവേലി എഴുന്നള്ളിപ്പുണ്ടാകും.