കണ്ണൂർ വിഷയത്തിൽ പോലീസ് കേസെടുക്കാൻ ഒരുങ്ങിയപ്പോൾ സർക്കാരാണ് പോലീസിനെ തടഞ്ഞത് എന്ന കൃത്യമായ വിവരം തനിക്കുണ്ടെന്നും ഗവർണർ പറഞ്ഞു
ചരിത്രത്തിലാദ്യമായാണ് ഒരു ഗവർണർ രാജ്യത്ത് രാജഭവനിൽ ഇത്തരം ഒരു പത്രസമ്മേളനം വിളിക്കുന്നത്
തനിക്കെതിരെ കണ്ണൂരിൽ ഇത്തരമൊരു പ്രതിഷേധം ഉണ്ടാകുമെന്ന് അഞ്ചുദിവസം മുൻപേ അറിഞ്ഞുവെന്ന് ജെഎൻയുവിലെ തൻറെ അടുത്ത് സുഹൃത്ത് ഡൽഹിയിൽ വെച്ച് വ്യക്തിപരമായി പറഞ്ഞു
കൊച്ചി: 2019ൽ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നടന്ന ഇന്ത്യൻ ചരിത്ര കോൺഗ്രസിൽ തനിക്കെതിരെ വേദിയിലും സദസ്സിലും പ്രതിഷേധിക്കാൻ ഗൂഢാലോചന നടന്നുവെന്ന് വെളിപ്പെടുത്തി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂർ വിഷയത്തിൽ പോലീസ് കേസെടുക്കാൻ ഒരുങ്ങിയപ്പോൾ സർക്കാരാണ് പോലീസിനെ തടഞ്ഞത് എന്ന കൃത്യമായ വിവരം തനിക്കുണ്ടെന്നും ഗവർണർ പറഞ്ഞു.
ഇന്ന് ഉച്ചയ്ക്ക് രാജഭവനിൽ നടന്ന അസാധാരണമായ പത്ര സമ്മേളനത്തിലാണ് ഗവർണർ ഇക്കാര്യം പറഞ്ഞത്.
ചരിത്ര കോൺഗ്രസിലെ അലിഗർ യൂണിവേഴ്സിറ്റിയിലെ സീനിയർ പ്രൊഫസർ ആയിരുന്ന ഇർഫാൻ ഹബീബ് ഗവർണറുടെ പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിക്കുന്നു എന്ന് ആരോപണമുയർന്ന വീഡിയോയും ഗവർണറുടെ അംഗരക്ഷകരും യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഗോപിനാഥ രവീന്ദ്രനും ഹബീബിനെ തടയുന്നതുമായ ദൃശ്യങ്ങളും ഗവർണർ പത്രസമ്മേളനത്തിന് ഒരുക്കിയ വലിയ രണ്ടു സ്ക്രീനുകളിൽ കാണിച്ചു.
ഇപ്പോൾ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ സിപിഎം നേതാവ് കെ കെ രാജേഷ് ചരിത്ര കോൺഗ്രസിൻറെ വേദിയിൽ നിന്നിറങ്ങി പ്രതിഷേധിക്കുന്ന അലിഗർ, ജാമിയ മിലിയ ഇസ്ലാമിയ, ജെ.എൻ.യു. തുടങ്ങിയ യൂണിവേഴ്സിറ്റിയിൽ നിന്ന് എത്തിയവർക്കെതിരെ നടപടിയെടുക്കുന്നതിൽ നിന്ന് പോലീസിനെ തടഞ്ഞു എന്ന് ആരോപിക്കുന്ന ദൃശ്യങ്ങളും ഗവർണർ വാർത്ത സമ്മേളനത്തിൽ പ്രദർശിപ്പിച്ചു.
തനിക്കെതിരെ കണ്ണൂരിൽ ഇത്തരമൊരു പ്രതിഷേധം ഉണ്ടാകുമെന്ന് അഞ്ചുദിവസം മുൻപേ അറിഞ്ഞുവെന്ന് ജെഎൻയുവിലെ തൻറെ അടുത്ത് സുഹൃത്ത് ഡൽഹിയിൽ വെച്ച് വ്യക്തിപരമായി പറഞ്ഞു.
ഐപിസി 124 പ്രകാരം ഗവർണരുടെയോ പ്രസിഡന്റിന്റെയോ നിയമപരമായ എന്തു അവകാശവും തടഞ്ഞാൽ ഏഴുവർഷം വരെ തടവും പിഴയും ലഭിക്കും. ഗവർണർ പോകുന്നത് വരെ വേദിയിലും സദസ്സിലും ആരും എഴുന്നേൽക്കരുത് എന്നാണ് പ്രോട്ടോകോൾ. അതും കണ്ണൂരിലെ ചടങ്ങിൽ ലംഘിക്കപ്പെട്ടു.
ഇത്തരം വിഷയങ്ങളിൽ ആരും പരാതി നൽകേണ്ട കാര്യമില്ല. അത് കോഗ്നിസിബിൾ (cognizable) കുറ്റകൃത്യമാണ്. (പരാതിയില്ലാതെ തന്നെ പോലീസിന് കേസെടുക്കാവുന്ന കുറ്റകൃത്യം), ഗവർണ്ണർ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അലിഗർ യൂണിവേഴ്സിറ്റിയിലെ ചടങ്ങിൽ പങ്കെടുക്കുന്നു എന്ന് പറഞ്ഞ് 15 ദിവസം വരെ പ്രതിഷേധം നടത്തിയ ആളാണ് ഇർഫാൻ ഹബീബ്. എന്നാൽ പ്രധാനമന്ത്രി എത്തിയ വേളയിൽ ഒരു പ്രതിഷേധത്തിനും അദ്ദേഹം മുതിർന്നില്ല. യുപിയിലെ മുഖ്യമന്ത്രി തനിക്കെതിരെ അതിശക്തമായ നടപടിയെടുക്കുമെന്ന് ഹബീബിന് നന്നായി അറിയാം. എന്നാൽ കേരളത്തിലെ സർക്കാരിൽ തന്നെ പിന്തുണയ്ക്കുന്നവരുണ്ട് എന്നത് കൊണ്ടാണ് ഹബീബ് അത്തരമൊരു ക്രിമിനൽ രീതിയിലുള്ള പ്രതിഷേധത്തിന് മുതിർന്നത്, ഖാൻ ആരോപ്പിച്ചു.
സമരക്കാരെ കെ കെ രാജേഷ് പിന്തുണച്ചു എന്നതാണോ പിന്നീട് അദ്ദേഹത്തെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആക്കാൻ വഴിവച്ചത് എന്ന് ഗവർണർ ചോദിച്ചു.
കണ്ണൂർ വിഷയത്തിൽ പോലീസ് കേസെടുക്കാൻ ഒരുങ്ങിയപ്പോൾ സർക്കാരാണ് പോലീസിനെ തടഞ്ഞത് എന്ന കൃത്യമായ വിവരം തനിക്കുണ്ടെന്നും ഗവർണർ പറഞ്ഞു.
(കെ.കെ രാഗേഷിന്റെ ഭാര്യയായ പ്രിയ വർഗീസിന്റെ കണ്ണൂർ യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാനുള്ള നടപടികൾ ഗവർണർ തടഞ്ഞിരുന്നു. 156 മാർക്കുള്ള പ്രിയയെ 651 മാർക്ക് നേടിയ ഉദ്യോഗാർത്ഥിയെ മറികടന്നാണ് യൂണിവേഴ്സിറ്റി സെലക്ഷൻ കമ്മിറ്റി റാങ്ക് ലിസ്റ്റിൽ ഒന്നാം സ്ഥാനം നൽകിയത്. പ്രിയക്ക് അധ്യാപന യോഗ്യത ഇല്ല എന്ന യുജിസി വിഷയവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നടക്കുന്ന കേസിൽ വാക്കാൽ വ്യക്തമാക്കി കഴിഞ്ഞു. രേഖാമൂലം മറുപടി കൊടുക്കാൻ കോടതി യുജിസിയോട് ആവശ്യപ്പെട്ടിട്ടുണ്ട് )
എൽഡിഎഫ് കൺവീനർക്ക് (ഇ പി ജയരാജന്) വിമാനത്തിൽ യാത്ര ചെയ്യാൻ സാധിക്കില്ല. അദ്ദേഹത്തിൻറെ അക്രമണപരതയാണ് അതിനു വഴിവെച്ചത്. മുൻ മന്ത്രി (കെ.ടി. ജലീൽ) കാശ്മീരിനെ ‘ആസാദ് ‘ കാശ്മീർ എന്ന് പറഞ്ഞ് പാക്കിസ്ഥാന്റെ ഭാഷ സംസാരിക്കുന്നു. മറ്റൊരു മന്ത്രി (സജി ചെറിയാന്) ഭരണഘടനയെ പരിഹസിച്ച് സംസാരിച്ചതിന് മാന്ത്രി സ്ഥാനം നഷ്ടപ്പെട്ടു എന്നും ഗവർണർ പറഞ്ഞു.
കേരളത്തിലെ റോഡുകളിലെല്ലാം കുഴികളാണ് അത്തരം ജനങ്ങളെ ബാധിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധിക്കാതെ സ്വന്തക്കാരെ യൂണിവേഴ്സിറ്റി തസ്തികളിൽ കുത്തിത്തിരികുന്ന പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നത്.
ഇത്തരം കാര്യങ്ങൾ ജനങ്ങളോട് നേരിട്ട് പറയുമെന്നും ഗവർണർ പറഞ്ഞു.
ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്തിനെ തൃശ്ശൂരിൽ കണ്ടത് സൗഹൃദം പങ്കുവെക്കാനാണ്.
1986 മുതൽ വിവാഹബന്ധം വേർപ്പെട്ട മുസ്ലിം സ്ത്രീകൾക്ക് ഭർത്താവ് ജീവനാംശം കൊടുക്കണം എന്ന് കോടതിവിധിയെ പിന്തുണച്ചത് മുതൽ ആർഎസ്എസ് തന്നെ പിന്തുണയ്ക്കുന്നുണ്ട്. അന്ന് കേരളത്തിലെ സിപിഎം നേതാവായ ഇഎംഎസ് നമ്പൂതിരിപ്പാടും തന്റെ നിലപാട് പിന്തുണച്ചു. എന്നാൽ പിന്നീട് ആ വിധിയെ എതിർക്കുന്ന മുസ്ലിം വ്യക്തി നിയമ ബോർഡിലെ ആളുകൾക്കൊപ്പമായി സിപിഎം. ആർഎസ്എസ് നിലപാടിൽ ഉറച്ചു നിൽക്കുന്നു.
ആറോളം ആർഎസ്എസ് പരിശീലന പരിപാടികളിൽ താൻ പ്രസംഗിച്ചിട്ടുണ്ട്. ഭാഗവത്ത് തൃശ്ശൂരിൽ ഉണ്ട് എന്ന് അറിഞ്ഞാണ് താൻ തൃശ്ശൂരിൽ ഉള്ള സമയത്ത് അദ്ദേഹത്തെ കാണാൻ പോയി. കാണാൻ അവസരം ലഭിച്ചാൽ ഇനിയും അദ്ദേഹത്തെ കാണും, ഗവർണർ പറഞ്ഞു.
ഒരു വേള , കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ നിലവാര തകർച്ചയെ സംബന്ധിച്ച് ഭാരത രത്ന ജേതാവ് കൂടിയായ വിദ്യാഭ്യാസ വിദഗ്ധൻ സി എൻ ആർ റാവു തുടങ്ങിയവരുടെ അഭിപ്രായങ്ങൾ സർക്കാരിനെ അറിയിച്ചു. എന്നാൽ ഇതുപോലുള്ള ആളുകൾ (ഭാരതരത്നം നേടിയവരടക്കം) കേരള സർക്കാരിൻറെ പ്രവർത്തനങ്ങൾ ഇകഴ്ത്തി കാണിക്കുവാൻ ഗൂഢാലോചന നടത്തുന്നു എന്ന മറുപടിയാണ് തനിക്ക് ലഭിച്ചത്, ഗവർണർ പത്ര സമ്മേളനത്തിൽ പറഞ്ഞു.
താൻ ചാൻസലറായി ഇരിക്കുന്നോടത്തോളം കാലം സ്വജനപക്ഷപാദം ഇനി യൂണിവേഴ്സിറ്റികളിൽ അനുവദിക്കില്ല. മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാർ തന്നെ തങ്ങൾക്കെതിരെയുള്ള പരാതികളിൽ എന്ത് നടപടി സ്വീകരിക്കണം എന്ന് തീരുമാനിക്കുന്ന ലോകായുക്ത നിയമ ഭേദഗതി നിയമപരമായി അംഗീകരിക്കാൻ ആർക്കും സാധിക്കില്ല എന്ന് പറഞ്ഞ ഗവർണർ യൂണിവേഴ്സിറ്റി, ലോകായുക്ത നിയമഭേദഗതികളിൽ ഒപ്പുക്കില്ലെന്ന കൃത്യമായ സൂചന നൽകി.