തൃശൂര്‍: സിസ്റ്റര്‍ ജെസ്മി തന്റെ എല്ലാ സ്വത്തുക്കളും സന്നദ്ധസംഘടനയായ സൊലസിന് കൈമാറും. ഗുരുവായൂരിലെയും, തൃശൂരിലെയും ഫ്ലാറ്റുകളും, തൻറെ പേരിലുള്ള പുസ്തകങ്ങളുടെ റോയല്‍റ്റിയും ബാങ്ക് ഡെപ്പോസിറ്റും സൊലസിന് ലഭിക്കുംവിധം മരണപത്രം തയ്യാറാക്കിയെന്നും ജെസ്മി ഇന്ന് തൃശൂരിൽ നടന്ന പത്ര സമ്മേളനത്തിൽ പറഞ്ഞു. ഗുരുവായൂരിലെ ഫ്ലാറ്റിന്റെ പ്രമാണം അവര്‍ ഷീബ അമീറിന് കൈമാറി. ഈ ഫ്ലാറ്റ് വാടകയ്ക്ക് നൽകി വാടകയായി ലഭിക്കുന്ന തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും. 30 ലക്ഷം രൂപയാണ് ഗുരുവായൂരിലെ ഫ്ലാറ്റിന്റെ മതിപ്പുവില.
2008 ജൂലൈയിലാണ് കോളേജ് പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് സിസ്റ്റര്‍ ജെസ്മി രാജിവച്ച് വി.ആർ. എസ് എടുത്ത് കത്തോലിക്ക സഭ വിട്ടത്. വിവാദമായ ആമേന്‍ അടക്കം എട്ട് പുസ്തകങ്ങളും രചിച്ചിടുണ്ട്. സഭയുടെ അനീതികള്‍ക്കെതിരായ തുറന്നുപറച്ചില്‍ തുടരുമെന്നും സിസ്റ്റര്‍ ജെസ്മി പറഞ്ഞു. സൊലസിന്റെ പ്രവര്‍ത്തനങ്ങളില്‍ മതിപ്പുണ്ടെന്നും അത് തിരിച്ചറിഞ്ഞാണ് താന്‍ ഇനിയുള്ള കാലം അവരുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയേകാന്‍ തീരുമാനിച്ചതെന്നും അവര്‍ പറഞ്ഞു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നിലപാടെടുത്ത കന്യാസ്ത്രീകൾക്കും സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെപ്പോലെയുള്ളവര്‍ക്കും തന്റെ പോരാട്ടം പ്രചോദനമായിട്ടുണ്ടെന്നും അവർ പറഞ്ഞു. സഭക്കുള്ളിൽ നടക്കുന്ന പീഡനങ്ങൾക്കെതിരെ പ്രതികരിക്കുന്ന കന്യാസ്ത്രീകൾക്ക് ശക്തമായ പിന്തുണ നൽകുന്നുണ്ടെന്നും അവർ തെരുവിലേക്ക് വലിച്ചെറിയപ്പെട്ടാൽ അഭയം നൽകുമെന്നും സിസ്റ്റർ ജെസ്മി പറഞ്ഞു. കാൻസർ പോലുള്ള രോഗങ്ങൾ ബാധിച്ച് ദീർഘനാൾ ചികിത്സയും പരിചരണവും ആവശ്യമുള്ള മൂവായിരത്തോളം കുട്ടികള്‍ക്കാണ് സൊലസ് ആശ്രയം നല്‍കുന്നത്. പ്രതിവര്‍ഷം 2 കോടിയോളം രൂപ സുമനസ്സുകളില്‍ നിന്ന് സൊലസിന് സംഭാവനയായി ലഭിക്കുന്നുണ്ട്.
ജീവകാരുണ്യപ്രവര്‍ത്തനരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ഷീബ അമീറാണ് സൊലസിന്റെ സ്ഥാപക. ഒളരിയിലെ സൊലസ് ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തില്‍ ഷീബ അമീറും, സിസ്റ്റര്‍ ജെസ്മിയും പങ്കെടുത്തു.
Photo Credit: Newss Kerala