നാളെ 5000 പേർക്ക് അന്നദാനവും ഉണ്ടാകും
മഹാഗണപതിഹോമത്തിന് 12,000 നാളികേരം, 1,500 കിലോ അവില്, 750 കിലോ മലര്, 250 കിലോ എള്ള്, 2,500 കിലോ ശര്‍ക്കര, 500 കിലോ നെയ്യ്, 100 കിലോ തേന്‍ എന്നിവ കൂടാതെ….
തൃശൂര്‍: വടക്കുന്നാഥ ക്ഷേത്രത്തില്‍ കര്‍ക്കിടകത്തിലെ ആദ്യദിനമായ ജൂലായ് 17ന് വിഘ്നേശ്വരപ്രീതിക്കായി ആനയൂട്ടും അഷ്ടദ്രവ്യമഹാഗണപതിഹോമവും നടത്തും. രാവിലെ 9.30ന് തൂടങ്ങുന്ന ആനയൂട്ടിന് അന്‍പതോളം ആനകള്‍ അണിനിരക്കും. മേല്‍ശാന്തി കൊറ്റംപിള്ളി നാരായണന് നമ്പൂതിരി ആദ്യ ഉരുള നല്കി ആനയൂട്ടിന് തുടക്കമിടും. 500 കിലോ അരിയുടെ ചോറില്‍ ശര്‍ക്കര, മഞ്ഞള്‍പ്പൊടി, നെയ്യ്, എന്നി ചേര്‍ത്ത് ഉരുളകളാക്കി ആനകളെ ഊട്ടും. കൂടാതെ കൈതച്ചക്ക, ചോളം, കക്കിരിക്ക, തണ്ണീര്‍മത്തന്‍, പഴം, കരിമ്പ് തുടങ്ങിയ പഴവര്‍ഗങ്ങളും, എന്‍.എന്‍.എ ഔഷധശാല തയ്യാറാക്കുന്ന പ്രത്യേക ഔഷധക്കൂട്ടും ആനകള്‍ക്ക് നല്‍കും. തുടര്‍ന്ന് പത്തരമുതല്‍ ഭക്തര്‍ക്ക് പ്രസാദ ഊട്ടും ഒരുക്കിയിട്ടുണ്ട്.
ക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തില്‍ വടക്കുന്നാഥനില്‍ നാല്പതാം വര്‍ഷമാണ് ആനയൂട്ട് നടത്തുന്നതെന്ന് കണ്‍വീനര്‍ ടി.ആര്.ഹരിഹരന് അറിയിച്ചു. വെളുപ്പിന് അഞ്ചിന് തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന് നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ മഹാഗണിപതിഹോമം തുടങ്ങും. നാല്പതോളം പൂജാരിമാര്‍ സഹകാര്‍മികത്വം വഹിക്കുന്ന മഹാഗണപതിഹോമത്തിന് 12,000 നാളികേരം, 1,500 കിലോ അവില്, 750 കിലോ മലര്, 250 കിലോ എള്ള്, 2,500 കിലോ ശര്‍ക്കര, 500 കിലോ നെയ്യ്, 100 കിലോ തേന്‍ എന്നിവ കൂടാതെ ഗണപതിനാരങ്ങ, കരിമ്പ് എന്നിവ ദ്രവ്യങ്ങളായി ഉപയോഗിക്കും.
വൈകീട്ട് 6.30ന് കൂത്തമ്പലത്തില്‍ ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തില്‍ ഭഗവത്സേവയും ഉണ്ട്.