Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ഓപ്പറേഷന്‍ സിന്ദൂറില്‍ 100 ശതമാനം നേട്ടം: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ രാജ്യത്തിന് നൂറ് ശതമാനം നേട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്സഭയില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനത്തിന് തുടക്കമിട്ട് പ്രസംഗിക്കുകയായിരുന്നു മോദി. പാകിസ്ഥാന്റെ  ശക്തി തകര്‍ത്തു. ഇന്ത്യയുടെ സൈനിക ശക്തി ലോകം തിരിച്ചറിഞ്ഞു. തീവ്രവാദികളെ ഉന്‍മൂലനം ചെയ്തു. ഭീകരവാദികളെ നേരിടാന്‍ ഒന്നിച്ചു നിന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു. ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യമാറി. വിലക്കയറ്റവും, നാണ്യപ്പെരുപ്പവും നിയന്ത്രിച്ചു. സാമ്പത്തിക രംഗത്ത് വലിയ നേട്ടം കൈവരിക്കാന്‍ കൈവരിച്ചു. ഡിജിറ്റല്‍ മേഖലയിലും കുതിപ്പുണ്ടായി.
നക്‌സല്‍ വിമുക്തഭാരതമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനപ്പെട്ട സമ്മേളനമാണിതെന്നും, അര്‍ത്ഥപൂര്‍ണമായ ചര്‍ച്ചകള്‍ വേണമെന്നും പ്രതിപക്ഷം സഹകരണം ആവശ്യമെന്നും മോദി പറഞ്ഞു.

സര്‍ക്കാരിനെതിരേ വിവിധ വിഷയങ്ങളുയര്‍ത്താന്‍ പ്രതിപക്ഷവും പ്രതിരോധിക്കാന്‍ ഭരണപക്ഷവും തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്. പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍, ഇന്ത്യ-പാകിസ്താന്‍ വെടിനിര്‍ത്തലിന് താന്‍ ഉടപെട്ടെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം, യുദ്ധത്തിനിടെ അഞ്ച് വിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന ട്രംപിന്റെ പുതിയ വെളിപ്പെടുത്തല്‍, ബിഹാറിലെ വോട്ടര്‍പട്ടിക വിവാദം തുടങ്ങിയവയില്‍ പ്രധാനമന്ത്രിയുടെയും സര്‍ക്കാരിന്റെയും വിശദീകരണം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കാനാണ് ഇന്ത്യസഖ്യത്തിന്റെ  തീരുമാനം. ഓഗസ്റ്റ് 21 വരെയുള്ള കാലയളവില്‍ 21 ദിവസം ചേരുന്ന വര്‍ഷകാല സമ്മേളനത്തില്‍ എട്ട് പുതിയ ബില്ലുകള്‍ അവതരിപ്പിക്കും.

പ്രധാനവിഷയങ്ങളില്‍ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ സന്നദ്ധമാണെന്ന പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവിന്റെ വാഗ്ദാനം പ്രതിപക്ഷം തള്ളി. ഈ വിഷയങ്ങളില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കും.

പ്രതിപക്ഷം ഉയര്‍ത്തുന്ന വിഷയങ്ങളില്‍ ബന്ധപ്പെട്ട മന്ത്രിമാരുടെ പ്രസ്താവനയില്‍ കാര്യങ്ങള്‍ അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് പ്രതിപക്ഷം കരുതുന്നു. പ്രധാനമന്ത്രി ഈ വിഷയങ്ങളില്‍ സഭയെ വിശ്വാസത്തിലെടുത്ത് പ്രതികരിക്കണമെന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.
ഇന്ത്യസഖ്യ സഭാനേതാക്കള്‍ ഇന്ന് യോഗം ചേര്‍ന്നേക്കും. ബിഹാറിലെ വോട്ടര്‍പട്ടിക പുതുക്കലും ഇത് രാജ്യവ്യാപകമാക്കാനുള്ള നീക്കവും പ്രതിപക്ഷം ശക്തമായി ഉന്നയിക്കും.

ജമ്മു-കശ്മീരിന് പൂര്‍ണ സംസ്ഥാന പദവി എന്ന ആവശ്യവും ഉന്നയിക്കും. അഹമ്മദാബാദിലെ എയര്‍ ഇന്ത്യ വിമാനദുരന്തവുമായി ബന്ധപ്പെട്ടും പ്രതിപക്ഷം സര്‍ക്കാരില്‍നിന്ന് വ്യക്തത തേടും. പഹല്‍ഗാം ഭീകരാക്രമണത്തിലേക്ക് നയിച്ച സുരക്ഷാവീഴ്ചകള്‍, ബിഹാറിലെ പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പുതുക്കല്‍ എന്നിവയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ടതായി കോണ്‍ഗ്രസ് നേതാവ് തരുണ്‍ ഗൊഗോയ് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *