കൊച്ചി: കളമശേരി പൊളിടെക്‌നിക് കോളേജ് മെന്‍സ് ഹോസ്റ്റലില്‍ ലഹരി വേട്ട. ഹോസ്റ്റലില്‍ നിന്നും രണ്ട് കിലോയിലധികം കഞ്ചാവ് പിടികൂടി. പോലീസിനെ കണ്ട് ചില വിദ്യാര്‍ഥികള്‍ ഓടി രക്ഷപെട്ടു. കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ് (21), ഹരിപ്പാട് സ്വദേശി ആദിത്യന്‍ (21), കരുനാഗപള്ളി സ്വദേശി അഭിരാജ് (21) എന്നിവരാണ് അറസ്റ്റിലായത്.
ആകാശ് എന്ന വിദ്യാര്‍ഥിയുടെ മുറിയില്‍ നിന്നും 1.9 ഗ്രാം കഞ്ചാവ് പിടികൂടി. ഹോസ്റ്റലില്‍ കഞ്ചാവ് സൂക്ഷിച്ചത് വില്‍പ്പനയ്ക്കായാണെന്ന് പോലീസ് അറിയിച്ചു. ഇന്നലെ രാത്രി ഒന്‍പതിന് ആരംഭിച്ച തെരച്ചില്‍ പുലര്‍ച്ചെ നാല് വരെ നീണ്ടു.
അറസ്റ്റിലായവരില്‍ എസ്.എഫ്.ഐ നേതാവായ കരുനാഗപള്ളി സ്വദേശി അഭിരാജ് കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
കേസില്‍ പിടിച്ചെടുത്ത കഞ്ചാവ് അളവില്‍ കുറവായതിനാല്‍ ആദിത്യനെയും അഭിരാജിനെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. തന്റെ മുറിയില്‍ നിന്നല്ല കഞ്ചാവ് പിടിച്ചതെന്ന് അഭിരാജ് മാധ്യമങ്ങളോട് പറഞ്ഞു.
2 എഫ്.ഐ.ആറുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ആദ്യത്തെ എഫ്.ഐ.ആറില്‍ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ് (21) പ്രതിയാണ്. രണ്ടാമത്തെ എഫ്.ഐ.ആറില്‍ രണ്ട് പ്രതികളാണുള്ളത്. ഹരിപ്പാട് സ്വദേശി ആദിത്യന്‍ (21), കരുനാഗപള്ളി സ്വദേശി അഭിരാജ്(21) എന്നിവരാണ് ഈ കേസില്‍ പ്രതികള്‍. കവര്‍ ഉള്‍പ്പെടെ 9.70 ഗ്രാം കഞ്ചാവാണ് ഇവരുടെ മുറിയില്‍ നിന്ന് പിടിച്ചെടുത്തത്. വിദ്യാര്‍ഥികളില്‍ നിന്ന് രണ്ട് മൊബൈല്‍ഫോണും തിരിച്ചറിയല്‍ രേഖകളും പിടിച്ചെടുത്തു.
ഹോളി ആഘോഷത്തിനായി എത്തിച്ച രണ്ട് കിലോഗ്രാം കഞ്ചാവാണ് പോലീസ് നടത്തിയ മിന്നല്‍പരിശോധനയില്‍ പിടികൂടിയത്. ഹോസ്റ്റല്‍ മുറിയിലെ ഷെല്‍ഫില്‍ പോളീത്തീന്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കഞ്ചാവ് കൂടാതെ മദ്യകുപ്പികളും ഗര്‍ഭനിരോധന ഉറകളും പോലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
നാളെ എസ്എഫ്ഐ യൂണിയന്‍ സമ്മേളനം നടക്കാനിരിക്കുകയായിരുന്നു. ഇതിനിടെ കൊടിതോരണങ്ങള്‍ കെട്ടുന്ന തിരക്കിനിടയിലായിരുന്നു തങ്ങളെന്നും ഈ സമയത്ത് കരുതിക്കൂട്ടി ആരോ മുറിയില്‍ കഞ്ചാവ് കൊണ്ടുവന്ന് വെച്ചതാണെന്നാണ് കരുതുന്നതെന്നാണ് പിടിയിലായ കോളേജ് യൂണിയന്‍ സെക്രട്ടറികൂടിയായ അഭിരാജ് പോലീസിന് മൊഴി നല്‍കിയത്.
പത്ത് ഗ്രാമിന്റെ ചെറിയ പാക്കറ്റുകളാക്കിയാണ് വില്‍പന നടത്തിയിരുന്നത്. പാക്ക് ചെയ്യുന്നതിന് വേണ്ടുന്ന സാധനങ്ങളും ത്രാസും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്..