തൃശൂര്‍: തീപ്പിടിത്തത്തില്‍ നിന്നുള്ള രക്ഷാമാര്‍ഗങ്ങളും അടിയന്തരഘട്ടങ്ങളില്‍ നല്‍കേണ്ട പ്രാഥമിക ശുശ്രൂഷകളും അറിയാന്‍ പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം മേളയില്‍ ഫയര്‍ ആന്റ് റെസ്ക്യു വകുപ്പ് അവസരമൊരുക്കുന്നു. ദുരന്തങ്ങളില്‍ ഒറ്റപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള ബര്‍മ ബ്രിഡ്ജില്‍ സഞ്ചരിക്കാന്‍ തിരക്കേറി. വെള്ളപ്പൊക്കം പോലെയുള്ള ദുരന്തങ്ങളിലും തുരുത്തില് ആളുകള്‍ കുടുങ്ങി കിടക്കുന്ന സാഹചര്യങ്ങളിലും ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസ് സേന അംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് താല്‍ക്കാലികമായി നിര്‍മിക്കുന്നതാണ് ബര്‍മ ബ്രിഡ്ജ്.
പ്രധാന വേദിയോട് ചേര്‍ന്നാണ് കയര്‍ കൊണ്ടുള്ള പാലം തയ്യാറാക്കിയിട്ടുള്ളത്. മേളയിലെത്തുന്നവര്‍ക്ക് ബര്‍മ ബ്രിഡ്ജിലൂടെ യാത്ര ചെയ്യാം രക്ഷാകവചങ്ങള്‍ ധരിച്ചാണ് ബ്രിഡ്ജിലേക്ക് കയറേണ്ടത്. സുരക്ഷ ഉറപ്പാക്കാന്‍ അഗ്നിരക്ഷാസേനാംഗവും കൂടെ ഉണ്ടാകും. ബര്‍മ ബ്രിഡ്ജില്‍ കയറാന്‍ പെണ്‍കുട്ടികളും മുന്നോട്ടുവരുന്നുണ്ട്. രണ്ടാം ലോക മഹായുദ്ധകാലത്ത് ബര്‍മയിലുണ്ടായിരുന്ന ജാപ്പനീസ് പട്ടാളക്കാര്‍ ബര്‍മയിലെ നദികള്‍ക്ക് കുറുകെ കടക്കുന്നതിനാണ് ഇത് വ്യാപകമായി ഉപയോഗിച്ചതെന്ന് ഫയര്‍ ആന്റ് റെസ്ക്യു ഓഫീസര്‍ വി.എസ്. വിബിന് ബാബു പറഞ്ഞു. ആപത് മിത്ര അംഗമായ വെങ്കിടങ്ങ് സ്വദേശി വിഷ്ണുപ്രിയ ,യു, തലോർ സ്വദേശി ഹൃദ്യ എന്നിവരും അഗ്നിരക്ഷാസേനാംഗങ്ങളുടെ സഹായത്തോടെ താല്‍ക്കാലിക ബര്‍മ ബ്രിഡ്ജിലൂടെ സഞ്ചരിച്ചു. ജില്ലാ ഫയര്‍ ഫോഴ്സ് മേധാവി അരുണ്‍ ഭാസ്കറിന്റെ നേതൃത്വത്തില്‍ സ്റ്റേഷന് ഓഫീസര്‍ വിജയകൃഷ്ണ, ഫയര്‍ ആന്റ് റെസ്ക്യൂ ഓഫീസര്‍മാരായ പി കെ പ്രജീഷ്, അജിത്ത്, രഞ്ജിത്ത്, സ്മീനേഷ് കുമാര്‍, ആപത് മിത്ര അംഗങ്ങള്‍ തുടങ്ങിയവരാണ് സാഹസികമായ ബര്മ്മന് ബ്രിഡ്ജ് മേളയില്‍ തയ്യാറാക്കിയത്.
കളികള്‍ക്കിടയില്‍ കുസൃതിക്കുരുന്നുകള്‍ അപകടത്തില്‍പെടുമ്പോള്‍ പകച്ചുനില്‍ക്കാതെ ജീവന് രക്ഷിക്കുന്നതിനുള്ള പ്രാഥമിക ശ്രുശൂഷകള്‍ എന്തെല്ലാമാണെന്ന് ഇവിടെവന്നാലറിയാം. ഭക്ഷണം ശ്വാസകോശത്തില്‍ കുടുങ്ങിയാല്‍, തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയാല്‍, വീടുകളില്‍ പാചകവാതക ഗ്യാസിന് ചോര്‍ച്ച ഉണ്ടായാല്‍ എന്തു ചെയ്യണമെന്ന് ഫയര്‍ ആന്റ് റെസ്ക്യുവിലെ ഉദ്യോഗസ്ഥര്‍ സവിസ്തരം പറഞ്ഞു തരും. പെട്ടെന്ന് കുഴഞ്ഞുവീഴുന്നയാളെ മരണത്തില്‍ നിന്ന് രക്ഷിക്കുന്ന സി.പി.ആര് എന്താണെന്നും എങ്ങനെ ചെയ്യാമെന്നും പൊതുജനങ്ങളെ പഠിപ്പിക്കുന്നു. അടിയന്തരഘട്ടങ്ങളിലെ ജീവന്‍രക്ഷാമാര്‍ഗങ്ങള്‍ പകര്ന്നുനല്കുകയാണ് അഗ്നിരക്ഷാസേനയുടെ സ്റ്റാള്‍. അഗ്നിബാധയുണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുമ്പോള്‍ തീ പൊള്ളലേല്‍ക്കാതിരിക്കാന്‍ ഉപയോഗിക്കുന്ന ഫയര്‍ പ്രോക്സിമിറ്റി സ്യൂട്ട്, സ്പ്രിങ്ക്ളര്‍ സിസ്റ്റം, ഫയര്‍ ബോള്‍, ഫയര്‍ ഫൈറ്റ് ബ്ലോവര്‍, ഫയര്‍ എന്‍ട്രി സ്യൂട്ട് എന്നീ മാതൃകകള്‍ പ്രദര്‍ശനത്തിലുണ്ട്. ഗ്യാസ് ലീക്ക് ഉണ്ടാകുമ്പോല്‍ പ്രതിരോധിക്കാനുള്ള ഹാച്ചറിങ്ങ് ബെല്‍റ്റ്, ജലാശയ രക്ഷാപ്രവര്‍ത്തന ഉപകരണങ്ങളായ സ്കൂബാ സെറ്റ്, വായുസഞ്ചാരമില്ലാത്ത സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനുപയോഗിക്കുന്ന ബ്രീത്തിങ്ങ് അപ്പാരറ്റസ്, വിവിധ എക്സ്റ്റിന്ഗ്വിഷറുകളുടെ പ്രവര്‍ത്തന രീതി എന്നിങ്ങനെ ഒരു നാടിന്റെ രക്ഷയ്ക്കാവശ്യമായ എല്ലാ സജ്ജീകരണങ്ങളും പ്രദര്‍ശനത്തിലുണ്ട്.