മില്‍മ റിഫ്രഷ് റസ്റ്റോറന്റ് തൃശൂരില്‍ പ്രവര്‍ത്തനം തുടങ്ങി
തൃശൂര്‍: മില്‍മ റിഫ്രഷ് റസ്റ്റോറന്റ് തൃശൂര്‍ എം.ജി.റോഡിലെ കോട്ടപ്പുറത്ത് തുടങ്ങി. ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം നിര്‍വഹിച്ചു. മേയര്‍ എം.കെ.വര്‍ഗീസ് അധ്യക്ഷനായി. ടി.എന്‍.പ്രതാപന് എം.പി., പി.ബാലചന്ദ്രന് എം.എല്‍.എ, മില്‍മ ചെയര്മാന് എം.ടി.ജയന് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
കര്‍ണാടകയില്‍ നിന്നുള്ള നന്ദിനി പാല് കേരളത്തില്‍ എത്തില്ലെന്നും ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും മന്ത്രി ചിഞ്ചുറാണി അറിയിച്ചു. കര്‍ണാടക സര്‍ക്കാരില്‍ നിന്ന് ഉറപ്പ് കിട്ടിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് നന്ദിനി പാല് കേരളത്തില്‍ എത്തിച്ചതെന്നും അവര്‍ പറഞ്ഞു. മില്‍മയുടെ ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം നല്കാന് കൂടുതല്‍ വില്പന കേന്ദ്രങ്ങളും, റസ്റ്റോറന്റുകളും തുറക്കുമെന്നും അവര്‍ അറിയിച്ചു.
മില്‍മയുടെ എറണാകുളം മേഖലാ യൂണിയന്റെ നേതൃത്വത്തിലുള്ള ആദ്യ വെജിറ്റേറിയന്‍ റസ്റ്റോറന്റാണിത്. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലും ഭക്ഷണശാലകള്‍ തുടങ്ങും. മില്‍മയുടെ പാല്, തൈര്,പനീര്‍,ബട്ടര്‍ നെയ്യ്, ഐസ്ക്രിം തുടങ്ങിയ ഉത്പന്നങ്ങള്‍ ഉപയോഗിച്ച് സൗത്ത് ഇന്ത്യന്‍ നോര്‍ത്ത് ഇന്ത്യന്‍, ചൈനീസ് വെജിറ്റേറിയന്‍ വിഭവങ്ങള്‍ ഇവിടെ നല്‍കും.