തിരുവില്വാമല : സാധാരണക്കാരന്റെ ജീവിതം മെച്ചപ്പെടുത്താൻ കേന്ദ്ര ഗവൺമെൻറ് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് കേന്ദ്ര ഗ്രാമവികസന ഉരുക്ക് വകുപ്പ് സഹമന്ത്രി ശ്രീ. ഫഗ്ഗൻ സിംഗ് കുലസ് തെ പറഞ്ഞു. വികസിത് ഭാരത് സങ്കല്പ യാത്രയുടെ ഭാഗമായി തൃശ്ശൂർ തിരുവില്വാമലയിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് ലോകം മുഴുവൻ മാർഗ നിർദ്ദേശത്തിനായി ഇന്ത്യയെ ഉറ്റുനോക്കുകയാണെന്നും കോവിഡ്കാലത്തടക്കം എല്ലാ മേഖലയിലും മുന്നേറ്റം കൈവരിക്കാൻ ഇന്ത്യക്ക് സാധിച്ചു എന്നും അദ്ദേഹം പറഞ്ഞു. വിവിധ പദ്ധതികളുടെ ഗുണഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ ബാങ്ക് അക്കൗണ്ട് വഴി നേരിട്ട് കൈമാറുന്നത് വഴി കാര്യക്ഷമതയും സുതാര്യതയും ഉറപ്പുവരുത്താൻ ആയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സേവനങ്ങൾ ഓൺലൈനായി നൽകുന്നത് വഴി ജീവിതം അനായാസകരമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര ഗവൺമെന്റിന്റെ ജനക്ഷേമ പദ്ധതികൾ താഴെത്തട്ടിലെ ജനങ്ങളിൽ എത്തിക്കാൻ വികസിത് ഭാരത് സങ്കൽപ്പയാത്ര നിർണായക പങ്കുവയ്ക്കും എന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ ഒട്ടാകെ നടക്കുന്ന വികസിത് ഭാരത് സങ്കല്പ യാത്രകളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നത് ചടങ്ങിൽ തത്സമയം പ്രദർശിപ്പിച്ചു.
ചടങ്ങിൽ തിരുവില്വാമല ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ പത്മജ, തിരുവില്വാമല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉദയൻ , സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റീജിയണൽ മാനേജർ അഭിമുത്ത്, തൃശ്ശൂർ ജില്ലാ ലീഗ് ബാങ്ക് മാനേജർ ശ്രീ മോഹന ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.