കൊച്ചി: നിയമസഭാ ബജറ്റ് സമ്മേളനത്തിന് തുടക്കംകുറിച്ച് നിയമസഭയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പേരിന് മാത്രം നയപ്രഖ്യാപനം പ്രസംഗം നടത്തി. അവസാന ഖണ്ഡിക മാത്രം വായിച്ച്
രണ്ട്്്് മിനിറ്റിനുള്ളില്‍ തന്റെ പ്രസംഗം അവസാനിപ്പിച്ച് ഗവര്‍ണര്‍ മടങ്ങി.
ഗവര്‍ണറെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ എ.എന്‍.ഷംസീറും ചേര്‍ന്നാണ് സ്വീകരിച്ചത്. പൂച്ചെണ്ട് നല്‍കിയാണ് മുഖ്യമന്ത്രി വരവേറ്റതെങ്കിലും ഗവര്‍ണര്‍ മുഖത്ത് നോക്കി ചിരിക്കാനോ കൈ കൊടുക്കാനോ നിന്നില്ല.
തുടര്‍ന്ന് വേഗത്തില്‍ സ്പീക്കറുടെ ഡയസിലേക്കെത്തി. ദേശീയ ഗാനം ആലപിച്ചതിന് പിന്നാലെ പ്രതിപക്ഷ നിരയില്‍നിന്ന് എല്ലാം ഒത്തുതീര്‍പ്പാക്കിയോ എന്നതടക്കമുള്ള ചോദ്യങ്ങളുയര്‍ന്നു. നയപ്രഖ്യാപന പ്രസംഗത്തിനായി ഗവര്‍ണര്‍ എണീറ്റപ്പോഴായിരുന്നു ഇത്. തുടര്‍ന്ന് ഗൗരവ ഭാവത്തോടെ പ്രതിപക്ഷ ഭാഗത്തേക്ക് നോക്കിയ ഗവര്‍ണര്‍ ആമുഖമായി കുറച്ച് വാചകങ്ങള്‍ പറയുകയും താന്‍ അവസാന ഖണ്ഡിക വായിക്കുകയാണെന്ന് അറിയിക്കുകയും ചെയ്തു. അവസാന ഖണ്ഡിക വായിച്ച ഉടന്‍ തന്നെ ഗവര്‍ണര്‍ നിയമസഭ വിട്ടിറങ്ങുകയും ചെയ്തു.
നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാന പാരഗ്രാഫ് മാത്രം വായിച്ച് ഭരണഘടനാപരമായ ദൗത്യം നിറവേറ്റുന്നതായി ഗവര്‍ണര്‍ സൂചിപ്പിച്ചു. കേന്ദ്രസര്‍ക്കാരിനെതിരെയുള്ള രൂക്ഷ വിമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന നയപ്രഖ്യാപന പ്രസംഗത്തിലെ പ്രധാന ഭാഗങ്ങളെല്ലാം ഗവര്‍ണര്‍ വായിക്കാതെ ഒഴിവാക്കി. ഇതിന് പിന്നാലെ സ്പീക്കര്‍ സഭ ഇന്നത്തേക്ക് പിരിയുന്നതായി അറിയിക്കുകയായിരുന്നു.
ഒരു മിനിറ്റ് 17 സെക്കന്റുകള്‍ കൊണ്ടാണ് നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാനഭാഗം മാത്രം വായിക്കാന്‍ ഗവര്‍ണര്‍ വിനിയോഗിച്ചത്.
നയപ്രഖ്യാപനത്തില്‍ കേന്ദ്രവിവേചനത്തില്‍ രൂക്ഷവിമര്‍ശനമടക്കം ഉണ്ടായിരുന്നു. സര്‍ക്കാര്‍ അയച്ചുകൊടുത്ത പ്രസംഗം ഗവര്‍ണര്‍ അതേപടി അംഗീകരിച്ചത്് സര്‍ക്കാരിന് ആശ്വാസമായിരുന്നു