വിശദീകരണം തേടിയെന്ന് കെ.സുരേന്ദ്രന്‍
തൃശൂര്‍: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയില്‍ നിന്ന് കേന്ദ്രസര്‍ക്കാരിനെതിരെയെന്ന് തോന്നിക്കുന്ന പ്രചാരണ ഗാനം വന്നത്് പാര്‍ട്ടിക്ക് നാണക്കേടായി. നേരത്തെ എസ്.സി-എസ്.ടി നേതാക്കള്‍ക്കൊപ്പം ഉച്ചഭക്ഷണമെന്ന നോട്ടീസില്‍ എഴുതിയതും ബി.ജെ.പി നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയിരുന്നു.
കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന വരികള്‍ പദയാത്രയോട് അനുബന്ധിച്ചു പുറത്തിറക്കിയ ഗാനത്തിലേതാണ്. ഗാനം വിവാദത്തിലായതോടെ സംസ്ഥാന ഐ.ടി. സെല്‍ കണ്‍വീനര്‍ എസ്. ജയശങ്കറിനോട് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ വിശദീകരണം തേടി . ഉടന്‍ തന്നെ വ്യക്തമായ വിശദീകരണം രേഖാമൂലം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2012-ല്‍ വി. മുരളീധരന്‍ കേരളയാത്ര നടത്തിയപ്പോള്‍ ഉള്ള ഗാനം കെ. സുരേന്ദ്രന്റെ കേരള പദയാത്രയുടെ ലൈവില്‍ മിക്‌സ് ചെയ്തത് ഐ.ടി സെല്ലിന്റെ വീഴ്ച്ചയാണ്. വിവാദമായ പോസ്റ്റര്‍ തയ്യാറാക്കിയതും ഐ.ടി സെല്ലാണ്.
‘അഴിമതിക്കു പേരുകേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടയ്ക്കാന്‍ അണിനിരക്ക കൂട്ടരേ’ എന്ന വരിയാണ് അണികള്‍ക്ക് നല്‍കിയത്. യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പി.കെ. ഫിറോസ് ഈ വരികള്‍ ഉള്‍പ്പെടുന്ന ഗാനം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പൊങ്കാലയാണ് ബി.ജെ.പിയ്‌ക്കെതിരെ.